
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 കടന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിലുണ്ടായ സംഘർഷത്തിലെ മരണസംഖ്യയെയും മറികടന്നുകൊണ്ടുള്ള അതിശക്തമായ ആക്രമണമാണ് അഞ്ചാം ദിവസവും തുടരുന്നത്. ജനവാസ മേഖലകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ബോംബാക്രമണം നടക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
തലസ്ഥാനമായ ടെഹ്‌റാനിൽ യുനെസ്കോ പൈതൃക പട്ടികയിലുള്ള ഗോലെസ്താൻ കൊട്ടാരത്തിനും ഗാന്ധി ഹോസ്പിറ്റലിനും നേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. മിനാബ് പ്രവിശ്യയിലെ ഒരു പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ശനിയാഴ്ച നടന്ന ആക്രമണമാണ് യുദ്ധത്തിലെ ഏറ്റവും ദരുണമായ സംഭവമായി കണക്കാക്കപ്പെടുന്നത്. ഈ ഒറ്റ ആക്രമണത്തിൽ മാത്രം 168 വിദ്യാർത്ഥിനികളും 14 അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, സിവിലിയന്മാരെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്ന് ആവർത്തിക്കുന്ന വൈറ്റ് ഹൗസ്, ഈ ആക്രമണത്തിൽ അമേരിക്കൻ സൈന്യത്തിന്റെ പങ്ക് തള്ളിക്കളയാനും തയ്യാറായിട്ടില്ല.
ഇറാന്റെ വിവിധ ഭാഗങ്ങളായ ഫാർസ് പ്രവിശ്യയിൽ 35 പേരും മരാഗെയിൽ 27 സിവിലിയന്മാരും കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. സനന്ദാജിലെ ജനസാന്ദ്രതയേറിയ പാർപ്പിട സമുച്ചയങ്ങൾക്ക് നേരെയും മിസൈൽ വർഷമുണ്ടായി. അതേസമയം, അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തിരിച്ചടിയിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു. സൈനിക നീക്കത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് നിരവധി ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, ഇറാൻ്റെ പ്രത്യാക്രമണ ശേഷി പൂർണ്ണമായും തകർക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും.













