
ടെഹ്റാൻ: രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ നൂറുകണക്കിന് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻ്റർനെറ്റ് സംവിധാനങ്ങൾ പിടിച്ചെടുത്തതായി ഇറാന്റെ ഇൻ്റലിജൻസ് മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഉപഗ്രഹ സംവിധാനങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും ഇവ ഉപയോഗിക്കുന്നവരുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും മെഹർ ന്യൂസ്, തസ്നീം ന്യൂസ് എന്നീ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യങ്ങളെ സഹായിക്കുന്ന തരത്തിലുള്ള എല്ലാ സാറ്റലൈറ്റ് ടെർമിനലുകളും പൂർണ്ണമായും കണ്ടെത്തുന്നതുവരെ ഈ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ ഇൻ്റർനെറ്റ് സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം 18-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഇത്തരമൊരു നീക്കം. ഇൻ്റർനെറ്റ് നിരീക്ഷകരായ ‘നെറ്റ്ബ്ലോക്സ്’ പ്രകാരം, കഴിഞ്ഞ 400 മണിക്കൂറിലേറെയായി രാജ്യം നിശ്ചലാവസ്ഥയിലാണ്. യുദ്ധസാഹചര്യത്തിൽ നിയമവിരുദ്ധമായ സ്റ്റാർലിങ്ക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ശത്രുരാജ്യങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നൽകുന്ന ഉപകരണങ്ങളായാണ് ഇറാൻ ഇതിനെ കണക്കാക്കുന്നത്.
ഏകദേശം 9.2 കോടി ജനസംഖ്യയുള്ള ഇറാനിൽ സർക്കാർ നിയന്ത്രണങ്ങൾ മറികടക്കാൻ പലരും ഉപഗ്രഹ ഇൻ്റർനെറ്റിനെയാണ് ആശ്രയിക്കുന്നത്. ഏകദേശം 50,000-ത്തോളം സ്റ്റാർലിങ്ക് ടെർമിനലുകൾ രാജ്യത്തേക്ക് രഹസ്യമായി കടത്തിയിട്ടുണ്ടെന്നാണ് ഡിജിറ്റൽ ആക്ടിവിസ്റ്റുകളുടെ കണക്ക്. ഈ വർഷം ജനുവരിയിൽ മാത്രം 7,000-ത്തോളം ടെർമിനലുകൾ അമേരിക്ക നേരിട്ട് എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇറാന്റെ സൈബർ വിദ്യകൾ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങളെ നിരീക്ഷിക്കാനും തടയാനും നിലവിൽ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ്.















