
ടെഹ്റാൻ: ആണവ സമ്പുഷ്ടീകരണത്തിനുള്ള ഇറാൻ്റെ അവകാശത്തെ തടയാൻ ഒരു രാജ്യത്തിനും കഴിയില്ലെന്ന് ഇറാൻ ആണവോർജ്ജ മേധാവി മുഹമ്മദ് എസ്ളാമി. ആണവ വ്യവസായത്തിന്റെ അടിസ്ഥാനം തന്നെ യൂറേനിയം സമ്പുഷ്ടീകരണമാണെന്നും ആണവ ഇന്ധനം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേമാദ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇറാൻ്റെ നിലപാട് ആവർത്തിച്ചത്.
ഇറാൻ്റെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് ഇവ മുന്നോട്ട് പോകുന്നതെന്നും എസ്ളാമി അവകാശപ്പെട്ടു. ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ വെച്ച് ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നടന്ന രണ്ടാം വട്ട ചർച്ചകൾക്ക് പിന്നാലെയാണ് ഈ പ്രതികരണം പുറത്തുവരുന്നത്.
കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ചർച്ചകളാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. നേരത്തെ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, നിലവിലെ ഒത്തുതീർപ്പ് ശ്രമങ്ങളെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.















