ട്രംപ് ഭൂമി കച്ചവടക്കാരനെ പോലെ, ആക്രമണം തുടരുമ്പോൾ ചർച്ചകളില്ലെന്ന് ഇറാൻ; രാജ്യത്തിന്റെ ഭൂപടം മാറ്റാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: തങ്ങൾക്കെതിരായ സൈനിക ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സൈനിക പ്രകോപനങ്ങൾ തുടരുമ്പോൾ കടുത്ത തിരിച്ചടിയെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ വെടിനിർത്തലിന് തയ്യാറായിരുന്നുവെന്നും, എന്നാൽ ഇത്തവണ യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുദ്ധത്തിന് ശേഷം ഇറാന്റെ അതിർത്തികളിൽ മാറ്റം വന്നേക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് ഇസ്മായിൽ ബഗായ് ശക്തമായ ഭാഷയിൽ മറുപടി നൽകി. ലോകത്തെ മുഴുവൻ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിട്ടാണ് ട്രംപ് കാണുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കാനഡ മുതൽ മറ്റ് രാജ്യങ്ങൾ വരെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് സംസാരിക്കുന്നത് ഭൂമി കച്ചവടക്കാരെപ്പോലെയാണെന്നും ഗവൺമെന്റുകളെ വെറും റിയൽ എസ്റ്റേറ്റ് ഏജൻസികളായിട്ടാണ് അദ്ദേഹം പരിഗണിക്കുന്നതെന്നും ബഗായ് കുറ്റപ്പെടുത്തി. ഇറാന്റെ ഭൂപടം ഓരോ ഇറാനിയൻ പൗരന്റെയും അഭിമാനമാണെന്നും അത് സംരക്ഷിക്കാൻ ജീവൻ നൽകാനും തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങളായ തുർക്കിയോടും അസർബൈജാനോടും ഇറാൻ ശത്രുത പുലർത്തുന്നില്ലെന്നും അവിടേക്ക് മിസൈലുകൾ അയച്ചിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തുർക്കിയുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി വന്ന ഇറാന്റെ മിസൈൽ വെടിവെച്ചിട്ടതായി അമേരിക്ക അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാന്റെ പ്രതിരോധ നീക്കങ്ങളെ അയൽരാജ്യങ്ങളോടുള്ള ശത്രുതയായി വ്യാഖ്യാനിക്കരുതെന്ന് ബഗായ് പറഞ്ഞു. അതേസമയം, രാജ്യത്തെ പ്രധാന എണ്ണ പൈപ്പ് ലൈൻ ആക്രമിക്കാനുള്ള ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നീക്കങ്ങൾ തടഞ്ഞതായി അസർബൈജാൻ ശനിയാഴ്ച ആരോപിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു നിയമവിരുദ്ധ നീക്കവും അസർബൈജാനെതിരെ നടത്തിയിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അസർബൈജാൻ പ്രസിഡന്റിനെ അറിയിച്ചു.

More Stories from this section

family-dental
witywide