
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈകളിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രസ്താവനകൾക്ക് വഴങ്ങി അത് തുറന്നുകൊടുക്കില്ലെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ബുധനാഴ്ച ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഐആർജിസി നേവി തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്നും എന്നാൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്താൽ മാത്രമേ അത് പരിഗണിക്കുകയുള്ളൂവെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് “ഹോർമുസ് കടലിടുക്ക് ഐആർജിസി നാവികസേനയുടെ നിർണ്ണായകവും പൂർണ്ണവുമായ നിയന്ത്രണത്തിലാണ്” എന്ന് ഇറാൻ വ്യക്തമാക്കിയത്. തങ്ങളുടെ ശത്രുക്കൾക്കായി ഈ തന്ത്രപ്രധാന പാത തുറന്നുകൊടുക്കില്ലെന്നും അവർ ആവർത്തിച്ചു.അതേസമയം, ഇറാൻ ഔദ്യോഗികമായി വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.
ട്രംപിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനിയുടെ മരണത്തിന് ശേഷം ഭരണനേതൃത്വത്തിൽ ഉണ്ടായ മാറ്റങ്ങൾക്കിടയിലും സൈനികമായ കരുത്ത് പ്രകടിപ്പിക്കാനാണ് ഐആർജിസി ശ്രമിക്കുന്നത്. യുദ്ധം അവസാനിച്ചാൽ കടലിടുക്ക് തനിയെ തുറക്കുമെന്നായിരുന്നു ട്രംപിന്റെ മുൻപത്തെ നിലപാടെങ്കിലും, ഇപ്പോൾ കടലിടുക്ക് തുറക്കുന്നത് വെടിനിർത്തലിനുള്ള പ്രധാന നിബന്ധനയായി അമേരിക്ക മുന്നോട്ടുവെക്കുകയാണ്.














