
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സൈനിക നടപടിയെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പുകൾ പശ്ചിമേഷ്യയെ വീണ്ടും മുൾമുനയിൽ നിർത്തുന്നു. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കാൻ തങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വമേധയാ അത്തരമൊരു തീരുമാനത്തിന് തങ്ങൾ തയ്യാറല്ലെന്നും ഇറാഖ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് വ്യക്തമാക്കി. ഇറാൻ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് നിലവിൽ സംസാരിക്കുന്നതെന്നും അരാഗ്ചി എംഎസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, സമ്പുഷ്ടീകരണം ഒരു തരത്തിലും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ട്രംപ് ഭരണകൂടം. ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് പൂർണ്ണമായും നിർത്തലാക്കാത്ത ഒരു കരാറിനും താൻ തയ്യാറല്ലെന്ന് കഴിഞ്ഞ വാരാന്ത്യത്തിൽ ട്രംപ് ആവർത്തിച്ചിരുന്നു. ജനീവയിൽ അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറുമായി അരാഗ്ചി നടത്തിയ രണ്ടാം വട്ട ചർച്ചകളിലും ഈ തർക്കം നിലനിന്നു. ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിന് പകരമായി ആണവ പദ്ധതികൾ സമാധാനപരമായി നിലനിർത്തുന്ന “വിൻ-വിൻ” കരാറാണ് ഇറാൻ മുന്നോട്ട് വെക്കുന്നത്.
മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസം തികച്ചും അനാവശ്യവും പ്രതികൂലവുമാണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. ഒരു സൈനിക നീക്കം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും അത് ഇറാനെ മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തെയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി ട്രംപ് പത്തുദിവസത്തെ സമയപരിധി നൽകിയിരിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങൾ ലോകരാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമായിരിക്കും.













