
ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങൾക്ക് നേരെ ബുധനാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തിയതായി ഇറാന്റെ സെമി-ഒഫീഷ്യൽ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഇറാനിലെ പ്രധാന പ്രകൃതിവാതക പാടമായ സൗത്ത് പാഴ്സ്, എണ്ണ-പെട്രോകെമിക്കൽ കേന്ദ്രമായ അസലൂയ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിൽ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അസലൂയയിലെ വിവിധ റിഫൈനറികളിൽ നിന്ന് അതിശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റിഫൈനറി സമുച്ചയത്തിലെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റോറേജ് ടാങ്കുകൾക്കും ഗ്യാസ് സൗകര്യങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിലവിൽ സ്ഫോടനം നടന്ന ഇടങ്ങളിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതായും പടരുന്ന തീ അണയ്ക്കാനായി രക്ഷാപ്രവർത്തകർ തീവ്രശ്രമം തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള യുദ്ധസാഹചര്യത്തിൽ ഇറാന്റെ എണ്ണ-വാതക ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം നടക്കുന്നത്. ഇത് മേഖലയിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ലോകത്തെ തന്നെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളിൽ ഒന്നായ അസലൂയ ലക്ഷ്യമിട്ടുള്ള ഈ നീക്കം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കാനാണ് സാധ്യത. ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.












