
ജനീവ: ആഗോള രാഷ്ട്രീയ ഭൂപടത്തെ പിടിച്ചുലയ്ക്കുന്ന അമേരിക്ക-ഇറാൻ നയതന്ത്ര ചർച്ചകൾ ജനീവയിൽ പുരോഗമിക്കുമ്പോൾ, ഇറാനിയൻ പ്രതിനിധികളുടെ മനസ്സിൽ വലിയൊരു മുന്നറിയിപ്പായി വെനസ്വേലൻ പ്രതിസന്ധി. ഈ വർഷം ജനുവരിയിൽ വെനസ്വേലയിൽ അമേരിക്ക നടത്തിയ മിന്നൽ സൈനിക നീക്കവും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അപ്രതീക്ഷിത വീഴ്ചയും, സമാനമായ സാഹചര്യം ഇറാനിലും സംഭവിക്കുമോ എന്ന ഗൗരവകരമായ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. എണ്ണസമ്പന്നമായ ഈ രണ്ട് രാജ്യങ്ങളും അമേരിക്കയുടെ ‘സാമ്രാജ്യത്വ വിരുദ്ധ’ ശത്രുക്കളായി നിലകൊള്ളുന്നവരാണെന്ന സാമ്യം ലോകത്തെ ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്നു.
ട്രംപ് ഭരണകൂടം തങ്ങളുടെ ‘മാക്സിമം പ്രഷർ’ നയം കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ചയും ഇറാനു മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള വമ്പൻ സൈനിക സന്നാഹങ്ങളെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചത് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു. സാമ്പത്തിക തകർച്ച, ആഭ്യന്തര പ്രക്ഷോഭങ്ങൾ, പുറത്തുനിന്നുള്ള അമേരിക്കൻ സമ്മർദ്ദം എന്നീ മൂന്ന് കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇറാൻ ഇപ്പോൾ കടന്നുപോകുന്നത്. ആഭ്യന്തര വിയോജിപ്പുകൾ അടിച്ചമർത്താനും ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കാനും ഇറാൻ ഭരണകൂടം സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
എങ്കിലും, വെനസ്വേലൻ ഭരണകൂടം തകർന്നതുപോലെ ഇറാൻ അത്ര എളുപ്പത്തിൽ വഴങ്ങില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പതിറ്റാണ്ടുകളായി തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇറാൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അവരുടെ ആയുധങ്ങൾ അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങളേക്കാൾ പഴക്കമുള്ളതാണെങ്കിൽ പോലും, ഇറാനെതിരായ നേരിട്ടുള്ള സൈനിക നീക്കം അമേരിക്കയ്ക്ക് വലിയ ചിലവുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോപ്കിൻസ് സർവ്വകലാശാലയിലെ പ്രൊഫസർ വാലി നസ്ര് നിരീക്ഷിക്കുന്നത് പോലെ, ഇറാൻ ഒരു ‘വെനസ്വേല’ ആകില്ലെന്നും ഏതു തരത്തിലുള്ള ആക്രമണവും അമേരിക്കയ്ക്ക് വൻ സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ബോധ്യപ്പെടുത്താനാണ് ടെഹ്‌റാൻ ശ്രമിക്കുന്നതെന്നും വ്യക്തം.















