
ടെഹ്‌റാൻ: ജയിലറയ്ക്കുള്ളിലും പോരാട്ടം തുടരുന്ന നോബൽ സമാധാന പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് ഇറാൻ കോടതി ഏഴര വർഷം കൂടി അധിക തടവ് ശിക്ഷ വിധിച്ചു. ജയിലിലെ മോശം സാഹചര്യങ്ങൾക്കും വധശിക്ഷയ്ക്കുമെതിരെ നർഗീസ് നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെയാണ് മഷാദിലെ കോടതിയുടെ ഈ പുതിയ നടപടി. രാജ്യസുരക്ഷയ്ക്കെതിരെ ഒത്തുകൂടിയെന്നാരോപിച്ച് ആറ് വർഷവും, സർക്കാരിനെതിരെ പ്രചാരണം നടത്തിയതിന് ഒന്നര വർഷവുമാണ് ശിക്ഷ. ഇതിനു പുറമെ രണ്ട് വർഷത്തെ യാത്രാ വിലക്കും മഷാദിൽ നിന്ന് 740 കിലോമീറ്റർ അകലെയുള്ള ഖോസ്ഫ് നഗരത്തിലേക്ക് രണ്ട് വർഷത്തെ നാടുകടത്തലും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ മനുഷ്യാവകാശ അഭിഭാഷകൻ ഖോസ്‌റോ അലികോർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ സുരക്ഷാ സേന വീണ്ടും അറസ്റ്റ് ചെയ്തത്. നിലവിൽ വഷളായ ആരോഗ്യനിലയിലും ഫെബ്രുവരി 2 മുതൽ അവർ നിരാഹാര സമരത്തിലാണ്. ഇറാൻ അമേരിക്കയുമായി ആണവ ചർച്ചകൾ നടത്തുന്ന വേളയിൽ തന്നെ, ആഭ്യന്തരമായി ഉയരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടുത്ത നടപടിയെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. തങ്ങളുടെ ശക്തി വൻശക്തികളോട് ‘നോ’ പറയാനുള്ള കഴിവിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ആവർത്തിക്കുമ്പോഴും, സ്വന്തം ജനതയുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും വധശിക്ഷ നിർത്തലാക്കുന്നതിനുമായി പോരാടുന്ന നർഗീസ് ഇതിനകം തന്നെ പതിറ്റാണ്ടുകൾ നീളുന്ന ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. ജയിലിൽ കഴിയവെ 2023-ലാണ് ലോകം നർഗീസിനെ സമാധാന നോബൽ നൽകി ആദരിച്ചത്. പുതിയ ശിക്ഷാവിധിയിലൂടെ നർഗീസിനെ പൂർണ്ണമായും ഒറ്റപ്പെടുത്താനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന അവരെ ജാമ്യത്തിൽ വിടണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.













