പരമോന്നത നേതാവിൻ്റെ മരണത്തിൽ ഞെട്ടി ഇറാൻ, “അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം”… കരഞ്ഞും നിലവിളിച്ചും ഭരണകൂട അനുകൂലികൾ തെരുവിൽ

ടെഹ്റാൻ: പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഞായറാഴ്ച പുലർച്ചെയോടെ ടെഹ്‌റാനിൽ ഭരണാനുകൂലികളുടെ വൻകൂട്ടം തടിച്ചുകൂടി.

ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളിൽ ടെഹ്‌റാനിലെ വിപ്ലവ ചത്വരത്തിലും ടെഹ്‌റാൻ സർവകലാശാലയ്ക്ക് മുന്നിലും ജനക്കൂട്ടത്തെ കാണാം. ഖമേനിയുടെ പ്ലക്കാർഡുകൾ ഏന്തിയും പതാകകൾ വീശിയും മുദ്രാവാക്യം വിളിച്ചുമാണ് ആളുകൾ ഒത്തുകൂടിയിരിക്കുന്നത്.

ഹസ്രത്ത് ഫാത്തിമ മസുമെ തീർത്ഥാടന കേന്ദ്രത്തിൽ ഒത്തുകൂടിയ ഇറാനികൾ “അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ IRIB റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച 28-ന് ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇന്ന് രാവിലെയാണ് ഖമേനിയുടെ മരണം സ്ഥിരീകരിച്ചത്. ഖമേനിയുടെ വസതി ലക്ഷ്യമാക്കി നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം സ്ഥിരീകരിക്കുകയും ഇതിനെ ഒരു വലിയ വിജയമായി വിശേഷിപ്പിക്കുകയും ചെയ്തു. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാനിലെ ചില നഗരങ്ങളിൽ ജനങ്ങൾ ഈ വാർത്ത ആഘോഷിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Iran shocked by the death of the supreme leader, regime supporters cry and shout in the streets.