
ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടരുന്ന വ്യോമാക്രമണങ്ങളിൽ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രശസ്തമായ ആസാദി സ്പോർട്സ് കോംപ്ലക്സിനും നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. തകർന്ന സ്പോർട്സ് കോംപ്ലക്സിന്റെ ദൃശ്യങ്ങൾ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ ഫുട്ബോൾ സ്റ്റേഡിയത്തിന് നേരെയുണ്ടായ ആക്രമണം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഫിഫയുടെ ‘സമാധാന പുരസ്കാരം’ ഏറ്റുവാങ്ങിയ പ്രസിഡന്റ് ഭരിക്കുന്ന അമേരിക്ക തന്നെയാണ് ടെഹ്‌റാനിലെ ഫുട്ബോൾ സ്റ്റേഡിയം ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഇസ്മായിൽ ബഗായ് കുറിച്ചു. കായിക ലോകത്തെ പ്രമുഖ സംഘടനകളായ ഫിഫയോ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണെന്നും അദ്ദേഹം തന്റെ പോസ്റ്റിലൂടെ ചോദിച്ചു. സമാധാനത്തിന്റെ പേരിൽ പുരസ്കാരങ്ങൾ വാങ്ങുന്നവർ തന്നെ ജനകീയമായ കായിക കേന്ദ്രങ്ങളെ തകർക്കുന്നു എന്ന വൈരുദ്ധ്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഇറാൻ ആരോപിച്ചു.
കഴിഞ്ഞ ഡിസംബറിൽ വാഷിംഗ്ടണിൽ നടന്ന 2026 ലോകകപ്പിന്റെ ഫൈനൽ ഡ്രോ ചടങ്ങിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ പുതുതായി ഏർപ്പെടുത്തിയ സമാധാന പുരസ്കാരം സമ്മാനിച്ചത്. ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് ഈ അവാർഡ് നൽകുന്നതെന്നാണ് ഫിഫ അന്ന് വിശദീകരിച്ചിരുന്നത്. എന്നാൽ ഒരു വശത്ത് സമാധാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും മറുഭാഗത്ത് ഇത്തരത്തിൽ ആക്രമണങ്ങൾ തുടരുകയും ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.













