“അവർ മിസൈലുകൾ അയക്കുമ്പോൾ ഞങ്ങൾ വെറുതെ ഇരിക്കണമെന്നാണോ?” അമേരിക്കയും ഇസ്രയേലും കാരണം ഹോർമുസ് കടലിടുക്ക് മുമ്പത്തെപ്പോലെ ആകില്ലെന്ന് ഇറാൻ

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സാഹചര്യം ഇനി പഴയതുപോലെ ആകില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾക്ക് മറുപടി നൽകുക എന്നത് തങ്ങളുടെ അനിഷേധ്യമായ അവകാശമാണെന്ന് ഖാലിബാഫ് പറഞ്ഞു.

“അവർ മിസൈലുകൾ അയക്കുമ്പോൾ ഞങ്ങൾ വെറുതെ ഇരിക്കണമെന്നാണോ? അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും വരുത്തിയ തന്ത്രപരമായ പിഴവുകൾ ഈ മേഖലയെ വലിയ അപകടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ഇറാൻ്റെ ഭാഗത്തുനിന്നുള്ള ശക്തമായ ആക്രമണം കാരണം ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഏകദേശം പൂർണ്ണമായും നിലച്ച മട്ടാണ്. അതേസമയം, ഹോർമുസ് കടലിടുക്കിൽ സമാധാനം വേണമെങ്കിൽ അമേരിക്കൻ സൈന്യം പിൻവാങ്ങണമെന്ന് തുർക്ക്മെനിസ്ഥാനിലെ ഇറാൻ അംബാസഡർ അലി മൊജ്തബ റൂസ്ബെഹാനി ആവശ്യപ്പെട്ടു. നിലവിൽ കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, ആക്രമണ ഭീഷണി മൂലം കപ്പലുകൾക്ക് ഇതിലൂടെ കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ലോകത്ത് കയറ്റുമതി ചെയ്യുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. അമേരിക്കയും ഇസ്രായേലും മേഖലയിലെ ഇന്ധന സംഭരണശാലകളും ജലശുദ്ധീകരണ ശാലകളും ലക്ഷ്യം വെക്കുന്നുണ്ടെന്നും ഇറാൻ ആരോപിച്ചു.

Iran tightens grip on the Strait of Hormuz, warns that nothing in the region will ever be the same again

More Stories from this section

family-dental
witywide