യുദ്ധത്തിനിടെ പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കാൻ ഇറാൻ: നേതൃസമിതിയുടെ ചർച്ചകൾ പുരോഗമിക്കുന്നു

ടെഹ്റാൻ: ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് ഇറാൻ്റെ ഭരണം താൽക്കാലികമായി നിയന്ത്രിക്കുന്ന മൂന്നംഗ നേതൃസമിതി പുതിയ പരമോന്നത നേതാവിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഖമേനിയുടെ മരണത്തിന് പിന്നാലെ അധികാരം ഏറ്റെടുത്ത സമിതി, യുദ്ധം ഒരാഴ്ചയോടടുക്കുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ നാലാമത്തെ യോഗം ചേർന്നതായി ഇറാൻ്റെ സെമി-ഒഫീഷ്യൽ വാർത്താ ഏജൻസിയായ മെഹർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട മുതിർന്ന പുരോഹിതരുടെ സംഘമായ ‘അസംബ്ലി ഓഫ് എക്സ്പെർട്‌സ്’ (Assembly of Experts) വിളിച്ചുകൂട്ടാനും ഭാവി നേതാവിനെ പരിചയപ്പെടുത്താനും പദ്ധതികൾ തയ്യാറാക്കിയതായി റിപ്പോർട്ടിലുണ്ട്. എന്നാൽ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

വിശുദ്ധ നഗരമായ ഖ്വോമിലെ സമിതിയുടെ കെട്ടിടത്തിന് നേരെ ഇസ്രായേൽ ആക്രമണമുണ്ടായതിനെത്തുടർന്ന് 88 അംഗ അസംബ്ലി ഓഫ് എക്സ്പെർട്‌സ് ഈ ആഴ്ച വെർച്വലായാണ് യോഗം ചേരുന്നത്. പുതിയ നേതാവിൻ്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമയക്രമത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകാറായെന്ന് ഒരു മുതിർന്ന അംഗം വ്യക്തമാക്കിയപ്പോൾ, നടപടികൾക്ക് എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ലെന്നാണ് മറ്റൊരു അംഗം പ്രതികരിച്ചത്.

ഇതിനിടെ, പുതിയതായി ചുമതലയേൽക്കുന്ന നേതാവും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഇറാൻ്റെ അടുത്ത നേതാവിനെ നിശ്ചയിക്കുന്നതിൽ തനിക്കും പങ്കുണ്ടാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പറഞ്ഞിരുന്നു. അടുത്ത നേതാവാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലുള്ള അലി ഖമേനിയുടെ മകൻ മോജ്തബ ഖമേനിയുടെ പേര് അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide