ഇറാൻ യുദ്ധം എത്രകാലം നീളും?  സമയപരിധിയില്ല, ലക്ഷ്യം ഭരണമാറ്റം, ആണവായുധങ്ങൾ കൈവശം വെക്കുന്നത് തടയണമെന്നും ട്രംപ്


വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ തനിക്ക് പ്രത്യേക സമയപരിധി ഒന്നുമില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ടൈം മാഗസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. യുദ്ധം എത്രകാലം നീണ്ടുനിന്നാലും ലക്ഷ്യം പൂർത്തിയാക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഒന്നിനും സമയപരിധിയില്ല. എനിക്കിത് പൂർത്തിയാക്കണം,” ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി. യുദ്ധം നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാം എന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ലക്ഷ്യം കാണുന്നത് വരെ പോരാട്ടം തുടരാനാണ് നീക്കം.

ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കുന്നത് തടയുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് ട്രംപ് പറഞ്ഞു. “അവർക്ക് ആണവായുധം ഉണ്ടാകാൻ പാടില്ല, അതാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള ലക്ഷ്യങ്ങൾ. നാലാമത്തെ ലക്ഷ്യം ബാലിസ്റ്റിക് മിസൈലുകൾ ഇല്ലാതാക്കുക എന്നതാണ്,” അദ്ദേഹം വിശദീകരിച്ചു. ഇറാനിൽ നിലവിലുള്ള ഭരണകൂടത്തിന് പകരം വിവേകത്തോടെ ചിന്തിക്കുന്ന ഒരാളെ അധികാരത്തിലേറ്റുക എന്നതും തന്റെ ലക്ഷ്യമാണെന്ന് ട്രംപ് തുറന്നു സമ്മതിച്ചു.

അമേരിക്കൻ മണ്ണിൽ ഇറാൻ തിരിച്ചടി നടത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അത്തരമൊരു സാഹചര്യം തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം മറുപടി നൽകി. “തിരിച്ചടികളെ കുറിച്ച് ഞങ്ങൾ എപ്പോഴും ചിന്തിക്കാറുണ്ട്, അത് നേരിടാനുള്ള പദ്ധതികളും തയ്യാറാണ്. യുദ്ധമാകുമ്പോൾ ചിലർ മരിക്കും, അത് സ്വാഭാവികമാണ്,” ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

How long will the Iran war last? There is no time limit, Trump says the goal is regime change

More Stories from this section

family-dental
witywide