
7000 വർഷത്തിലേറെ നീളുന്ന ഇറാ ചരിത്രം ഓർമ്മിപ്പിച്ച് ട്രംപിന് ചുട്ട മറുപടിയുമായി ഇറാൻ; ട്രംപിനെ ലക്ഷ്യമിട്ട് കനത്ത പരിഹാസംവാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെ ബോംബിട്ട് ‘ശിലായുഗത്തിലേക്ക്’ മടക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് ഇറാൻ നയതന്ത്രജ്ഞർ. ഇറാന്റെ പുരാതനവും പൈതൃക സമ്പന്നവുമായ സംസ്കാരത്തെ ഉയർത്തിക്കാട്ടിയാണ് ഇറാൻ പ്രതിനിധികൾ ട്രംപിന് മറുപടി നൽകിയത്. ലോകചരിത്രത്തിൽ അമേരിക്ക എന്ന രാജ്യം ഭൂപടത്തിൽ പോലുമില്ലാത്ത കാലത്ത് ഇറാൻ ഒരു പരിഷ്കൃത സമൂഹമായിരുന്നുവെന്ന് ഇറാൻ മുൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് എക്സിലൂടെ പ്രതികരിച്ചു.
യൂറോപ്പിലെ നിങ്ങളുടെ പൂർവ്വികർ ശിലായുഗത്തിൽ മുഖത്ത് ചായം തേച്ചും ഗദകൾ വീശിയും നടന്നിരുന്ന കാലത്ത് ഇറാൻ നാഗരികതയുടെ തൊട്ടിലിലായിരുന്നുവെന്ന് സരീഫ് കുറിച്ചു. ലോകത്തിന് ക്രമവും നിയമവും ഭരണതന്ത്രവും പഠിപ്പിച്ചു കൊടുത്തത് ഇറാനാണെന്നും എന്നാൽ നിർഭാഗ്യവശാൽ അജ്ഞരും അഹങ്കാരികളുമായ ചില പിൻഗാമികൾക്ക് ഇതൊന്നും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ട്രംപിനെ ലക്ഷ്യമിട്ട് പരിഹസിച്ചു. ഇതിനുപിന്നാലെ 2600 വർഷം പഴക്കമുള്ള സൈറസ് സിലിണ്ടറിനെ പരാമർശിച്ച് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയും രംഗത്തെത്തി. നിങ്ങളൊക്കെ ഗുഹകളിൽ കഴിഞ്ഞിരുന്ന കാലത്ത് ഞങ്ങൾ മനുഷ്യാവകാശങ്ങളെക്കുറിച്ച് എഴുതിയിരുന്നുവെന്ന് എംബസി ഔദ്യോഗികമായി പ്രതികരിച്ചു.
ഐക്യരാഷ്ട്രസഭയിലെ ഇറാൻ മിഷനും സമാനമായ പ്രതികരണമാണ് നടത്തിയത്. ഇറാന്റെ ചരിത്രം 7000 വർഷത്തിലേറെ നീളുന്നതാണെന്നും എന്നാൽ അമേരിക്കയ്ക്ക് കേവലം 250 വർഷത്തെ പഴക്കം മാത്രമേയുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനെതിരെ അതീവ രൂക്ഷമായ ഭാഷയിലാണ് ട്രംപ് സംസാരിക്കുന്നത്. ഇറാനെ ശിലായുഗത്തിലേക്ക് മടക്കുമെന്ന ബുധനാഴ്ചത്തെ പ്രസ്താവനയ്ക്ക് പിന്നാലെ, തിരിച്ചടികൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യാഴാഴ്ചയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപിന്റെ ഈ പ്രസ്താവനകൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ വാക്കുകൾ വംശീയവും വിവേചനപരവുമാണെന്ന് ആക്ടിവിസ്റ്റുകൾ കുറ്റപ്പെടുത്തി. ഇറാൻ ജനത ശിലായുഗത്തിൽ കഴിയേണ്ടവരാണെന്ന പ്രസ്താവന മുസ്ലീം വിരുദ്ധമാണെന്നും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് യുദ്ധക്കുറ്റമാണെന്നും അമേരിക്കയിലെ ഏറ്റവും വലിയ മുസ്ലീം മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പ്രസ്താവനയിൽ അറിയിച്ചു.














