
വാഷിംഗ്ടൺ: ഇറാൻ – അമേരിക്ക സംഘർഷസാധ്യതയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആഗോള ബെഞ്ച്മാർക്കായ ബ്രെൻ്റ് ക്രൂഡിൻ്റെ വില 7 ശതമാനത്തിലധികം വർധിച്ച് ബാരലിന് 71 ഡോളറിലെത്തി. കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാൻ്റെ പക്കലാണ്. യുദ്ധമുണ്ടായാൽ ഈ പാത അടയ്ക്കുന്നത് ആഗോള വിപണിയെ സാരമായി ബാധിക്കും. നിലവിൽ ആഗോള എണ്ണ ഉൽപാദനത്തിൻ്റെ 3 ശതമാനത്തിൽ താഴെ മാത്രമാണ് ഇറാൻ്റെ പങ്ക്. എങ്കിലും യുദ്ധമുണ്ടായാൽ സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണവും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇറാനിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടയിലും മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സന്നാഹം വർധിപ്പിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇറാനെതിരെ ആക്രമണം നടത്തുമോ എന്ന ചോദ്യത്തിന് “ചിലപ്പോൾ അത് വേണ്ടിവരും, ചിലപ്പോൾ വേണ്ടി വരില്ല” എന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മറുപടി. അടുത്ത 10 ദിവസത്തിനുള്ളിൽ ഇതിൽ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ തിരക്ക് കൂടുന്ന വസന്തകാലത്ത് ഇന്ധനവില വർധിക്കുന്നത് പതിവാണെങ്കിലും, ഇപ്പോഴത്തെ സാഹചര്യം വില വീണ്ടും ഉയരാൻ കാരണമായേക്കാം. എന്നാൽ 2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധസമയത്ത് ഉണ്ടായതുപോലെയുള്ള (ബാരലിന് 139 ഡോളർ) വലിയൊരു വർധനവ് ഇപ്പോൾ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പെട്രോളിയം അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Iran-US conflict likely: Oil prices soar















