
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾക്ക് മുന്നോടിയായി ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിയായ യുഎസ്എസ് ജെറാൾഡ് ആർ ഫോഡിനെ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചുകൊണ്ട് അമേരിക്ക സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ അറബിക്കടലിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കൊപ്പമാകും ഫോഡും ചേരുക.
ആണവപ്രശ്നത്തിൽ പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനീവയിലായിക്കും ചർച്ച. ഇറാന്റെ ആണവ പദ്ധതി മാത്രമല്ല ഊർജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാവിഷയമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഹമീദ് ഗൻബാരി പറഞ്ഞു.
ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ട്രംപ് ഭരണകൂടം കപ്പൽ വിന്യാസത്തിലൂടെ ഇതിലൂടെ നൽകുന്നത്. ട്രംപിൻ്റെ സമ്മർദ്ദ തന്ത്രം ഏശുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ഇറാനിൽ ഭരണമാറ്റം വേണമെന്ന നിലപാടിലും അമേരിക്ക ഉറച്ചുനിൽക്കുന്നു.
അതേസമയം, അമേരിക്കൻ നീക്കങ്ങളെ സൈനികമായി തന്നെ നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.
Iran-US nuclear talks tomorrow; A US aircraft carrier is heading to the West Asia, a war-like situation














