
നെയ്‌റോബി/ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ രൂക്ഷമാകുന്ന യുദ്ധം ആഫ്രിക്കൻ രാജ്യങ്ങളെ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നു. യുദ്ധം മൂലം ഇന്ധനം, വളം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില കുതിച്ചുയരുന്നത് ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സുഡാൻ, സോമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെയും പലായനത്തിന്റെയും വക്കിലാണെന്ന് അന്താരാഷ്ട്ര സഹായ ഏജൻസിയായ ‘മേഴ്‌സി കോപ്‌സ്’ മുന്നറിയിപ്പ് നൽകി.
ഇറാൻ സംഘർഷം ലോകമെമ്പാടുമുള്ള 4.5 കോടിയിലധികം ആളുകളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി കണക്കാക്കുന്നത്. ഇതിനകം തന്നെ ക്ഷാമവും ആഭ്യന്തര കലാപവും നേരിടുന്ന സോമാലിയയിലും സുഡാനിലും സ്ഥിതി അതീവ ഗുരുതരമാണ്. സഹായ ഏജൻസികൾക്ക് ലഭിക്കുന്ന ഫണ്ടിൽ വലിയ കുറവുണ്ടായ സമയത്ത് തന്നെ ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.
ആവശ്യം വർദ്ധിക്കുകയും എന്നാൽ സഹായം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ‘പോസ്റ്റ്-എയ്ഡ്’ കാലഘട്ടത്തിലെ ആദ്യത്തെ വലിയ പ്രതിസന്ധിയാണിതെന്ന് മേഴ്‌സി കോപ്‌സ് ആഫ്രിക്കൻ വൈസ് പ്രസിഡന്റ് മെലാകു യിർഗ പറഞ്ഞു. വരും മാസങ്ങളിലും സംഘർഷം തുടരുകയാണെങ്കിൽ കൃഷി സീസണുകളെ അത് ബാധിക്കുമെന്നും ഭക്ഷ്യവില ഇനിയും വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് ദുഷ്കരമാകുന്നതോടെ ആഫ്രിക്കൻ ഭൂഖണ്ഡം ചരിത്രത്തിലെ ഏറ്റവും വലിയ പട്ടിണി മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ആശങ്ക.













