കാര്യങ്ങൾ നിസാരമല്ല, മുന്നറിയിപ്പുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക്; മിഡിൽ ഈസ്റ്റ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി

പാരീസ്: മിഡിൽ ഈസ്റ്റിൽ പടരുന്ന യുദ്ധം യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. നിലവിലെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തോടൊപ്പമാണ് ബാങ്ക് ഈ ആശങ്ക പങ്കുവെച്ചത്. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഭാവിയിലെ സാമ്പത്തിക കാഴ്ചപ്പാട് “അങ്ങേയറ്റം അനിശ്ചിതത്വത്തിലാണെന്ന്” ബാങ്ക് വ്യക്തമാക്കി.

ഊർജ്ജവില ഉയരുന്നത് വരും മാസങ്ങളിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. യൂറോ കറൻസി ഉപയോഗിക്കുന്ന 21 രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന ഇസിബി, യുദ്ധത്തിന്റെ ആഘാതം എത്രത്തോളമുണ്ടാകുമെന്നത് സംഘർഷത്തിന്റെ തീവ്രതയെയും ദൈർഘ്യത്തെയും ആശ്രയിച്ചിരിക്കുമെന്നും കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ, ഗ്യാസ് വിലകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ യൂറോപ്യൻ വിപണിയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടാൻ ബാങ്ക് സജ്ജമാണെന്ന് ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാനുള്ള കൃത്യമായ സംവിധാനങ്ങളും പ്ലാനുകളും ബാങ്കിന്റെ പക്കലുണ്ടെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നിരുന്നാലും, യുദ്ധം നീണ്ടുനിൽക്കുന്നത് ആഗോളതലത്തിൽ വലിയ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ.

More Stories from this section

family-dental
witywide