ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കും ; ട്രംപിന് ഇറാൻ്റെ മുന്നറിയിപ്പ്, ചൂടുപിടിച്ച് സംഘർഷാവസ്ഥ

വാഷിംഗ്ടൺ: വാക്കുകൾക്കൊണ്ട് യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് ഇറാനും അമേരിക്കയും. അമേരിക്കയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കും എന്നാണ് ട്രംപിന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് മറുപടിയായി തന്നെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇറാൻ്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് പുതിയ ഉടമ്പടി ഉണ്ടാക്കാൻ തയ്യാറായില്ലെങ്കിൽ വരാനിരിക്കുന്ന ആക്രമണം അതിഭീകരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വമ്പിച്ചൊരു നാവിക വ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായി സമാധാനപരമായ ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെങ്കിലും, സൈനികമായ സമ്മർദ്ദത്തിലൂടെയും ഭീഷണിയിലൂടെയും ഇറാനെ കീഴ്പ്പെടുത്താൻ നോക്കേണ്ടെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഇറാൻ്റെ സായുധ സേന ഉടൻ തന്നെ ശക്തമായ തിരിച്ചടി നൽകാൻ “വിരലുകൾ ട്രിഗറിൽ വെച്ച്” സജ്ജമാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

തിരിച്ചടി മുമ്പൊരിക്കലും ഇല്ലാത്തവിധമായിരിക്കുമെന്നും ഇറാൻ്റെ യുഎൻ മിഷനും ട്രംപിന് മറുപടി നൽകിയിട്ടുണ്ട്. തങ്ങളെ പ്രകോപിപ്പിക്കാനാണ് നീക്കമെങ്കിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാക്രമണം അമേരിക്ക നേരിടേണ്ടി വരുമെന്നായിരുന്നു അവരുടെ സൂചന. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ ഭീഷണിയുടെ അന്തരീക്ഷത്തിൽ അത് സാധ്യമല്ലെന്നുമാണ് ഇറാൻ്റെ നിലപാട്.
നിലവിൽ മധ്യേഷ്യയിൽ വലിയ തോതിലുള്ള യുഎസ് നാവിക-വ്യോമ സേനാ വിന്യാസം നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Iran warns Trump of strong retaliation in case of any attack, tensions heat up

More Stories from this section

family-dental
witywide