ഇറാൻ്റെ ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിലെ മനാമയിലുള്ള പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം

ബഹ്‌റൈൻ: ശനിയാഴ്ച ബഹ്‌റൈനിലെ മനാമയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തമുണ്ടായതായി സിഎൻഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ‘ബ്രേക്കർ’ അപ്പാർട്ട്‌മെൻ്റ് ടവറിലുണ്ടായ തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. എന്നാൽ 30 നിലകളുള്ള കെട്ടിടത്തിൻ്റെ പുറംഭാഗം ഏതാണ്ട് പൂർണ്ണമായും തീ വിഴുങ്ങിയതായി വീഡിയോകളിൽ കാണാം.

നേരത്തെ മനാമയിലെ ‘ഇറ വ്യൂ’ എന്ന മറ്റൊരു പാർപ്പിട സമുച്ചയത്തിൻ്റെ മുകൾ നിലകളിൽ ഇറാനിയൻ നിർമ്മിത ഷാഹേദ് ഡ്രോൺ ഇടിക്കുന്ന ദൃശ്യങ്ങളും സിഎൻഎൻ സ്ഥിരീകരിച്ചിരുന്നു. ഇതിന് സമീപമുള്ള യുഎസ് നാവിക താവളത്തിലെ റഡാർ ഡോം മറ്റൊരു ഡ്രോൺ ആക്രമണത്തിൽ തകർന്നു. മനാമയിലെ ഒരു പാർപ്പിട സമുച്ചയം ലക്ഷ്യമിട്ടതായും അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച രാത്രി അറിയിച്ചു. ഡ്രോൺ ആക്രമണങ്ങളെത്തുടർന്നും മിസൈൽ പ്രതിരോധിക്കുന്നതിനിടെ തകർന്ന അവശിഷ്ടങ്ങൾ വീണും മനാമയിലെയും മുഹറഖിലെയും മൂന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

“ആദ്യത്തെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പുക ശ്വസിച്ച ഒരാൾക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി,” മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എന്നാൽ ഇത് ഏത് കെട്ടിടമാണെന്ന് വ്യക്തമാക്കിയിട്ടില്ല. “രണ്ടാമത്തെ സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങളും സുരക്ഷാ നടപടികളും തുടരുകയാണ്. മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്നാമത്തെ കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്,” മന്ത്രാലയം അറിയിച്ചു. ബ്രേക്കർ ടവർ മന്ത്രാലയം സൂചിപ്പിച്ച കെട്ടിടങ്ങളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Iranian drone attack causes massive fire at residential complex in Manama, Bahrain

More Stories from this section

family-dental
witywide