
ടെഹ്‌റാൻ: ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്തെ ഭരണപ്രതിസന്ധി ഒഴിവാക്കാൻ പുതിയ പരമോന്നത നേതാവിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്റെ ഭരണഘടനാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍റെ പരമോന്നത സമിതിയായ ‘അസംബ്ലി ഓഫ് എക്സ്പെർട്ട്സ്’ പുതിയ നേതാവിനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
താല്ക്കാലിക ഭരണസമിതിക്കായി കാത്തുനിൽക്കാതെ എത്രയും വേഗം സ്ഥിരമായ ഒരു നേതൃത്വത്തെ കൊണ്ടുവരാനാണ് നീക്കം. നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ ഉദ്ദേശിക്കുന്നില്ല. ചരക്ക് കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താൻ ഈ ഘട്ടത്തിൽ പദ്ധതിയൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ശനിയാഴ്ച മുതൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞതായും മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്.
ഇറാൻ മിസൈലുകളെ ഭയന്ന് അമേരിക്കൻ സൈനികർ താവളങ്ങൾ വിട്ട് ഹോട്ടലുകളിലേക്ക് മാറിയിരിക്കുകയാണെന്നും ജനങ്ങളെ അവർ മനുഷ്യമതിലായി ഉപയോഗിക്കുകയാണെന്നും അരാഗ്ചി ആരോപിച്ചു. മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനെ വിദേശശക്തികൾ വധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇതിന് ലോകം മറുപടി നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമേനി, അലി ലാരിജാനി എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. ഇറാൻ സൈന്യമായ ഐആർജിസിയുടെ പിന്തുണ ആർക്കാണെന്നത് പുതിയ നേതാവിനെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.













