
ടെഹ്‌റാൻ: സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും അമേരിക്ക രഹസ്യമായി ഇറാനിൽ കരയുദ്ധത്തിന് പദ്ധതിയിടുകയാണെന്ന ആരോപണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മുപ്പതാം ദിവസത്തിലേക്ക് കടന്ന വേളയിലാണ്, ഇറാന്റെ ഏറ്റവും ശക്തമായ ശബ്‍ദങ്ങളിലൊന്നായ ഘാലിബാഫ് ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. യുദ്ധത്തിലൂടെ നേടാൻ കഴിയാത്ത കാര്യങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ നേടിയെടുക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശത്രുക്കൾ പരസ്യമായി സമാധാന സന്ദേശങ്ങൾ അയക്കുമ്പോഴും രഹസ്യമായി അധിനിവേശത്തിന് കോപ്പുകൂട്ടുകയാണ്. എന്നാൽ അമേരിക്കൻ സൈന്യം ഇറാന്റെ മണ്ണിൽ കാലുകുത്താനായി തങ്ങളുടെ പോരാളികൾ കാത്തിരിക്കുകയാണെന്ന കാര്യം അവർ അറിയുന്നില്ലെന്നും, അത്തരമൊരു നീക്കമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്നും അവരുടെ പ്രാദേശിക സഖ്യകക്ഷികളെ എന്നെന്നേക്കുമായി ശിക്ഷിക്കുമെന്നും ഘാലിബാഫ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ അവരുടെ പരാജയപ്പെട്ട മോഹങ്ങളുടെ പട്ടിക മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന കാലത്തോളം ‘അപമാനം അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല’ എന്നതായിരിക്കും ഇറാന്റെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍റെ നേതൃത്വത്തിൽ തുർക്കി, ഈജിപ്ത്, സൗദി അറേബ്യ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക ചർച്ചകൾ ഇസ്ലാമാബാദിൽ പുർത്തിയായി. ഈ നയതന്ത്ര നീക്കങ്ങൾക്കിടയിലും 3,500 സൈനികരുമായി അമേരിക്കൻ യുദ്ധക്കപ്പലായ ‘യുഎസ്എസ് ട്രിപ്പോളി’ പശ്ചിമേഷ്യയിൽ എത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പെന്റഗൺ അടുത്ത നീക്കങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെ ഇറാൻ ഉയർത്തുന്ന ഈ പരസ്യമായ വെല്ലുവിളി മേഖലയെ കൂടുതൽ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.














