‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ശക്തമാക്കി അമേരിക്ക, ഗൾഫ് ഓഫ് ഒമാനിൽ ഇറാനിയൻ കരുത്തുറ്റ യുദ്ധക്കപ്പൽ മുങ്ങുന്നു; വിവരങ്ങൾ പുറത്ത്

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമ്പോൾ, ഇറാന്‍റെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിലൊന്നായ ജമാരൻ-ക്ലാസ് കോർവെറ്റ് അമേരിക്കൻ സൈന്യം തകർത്തു. ശനിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ആദ്യ മണിക്കൂറുകളിൽ നടന്ന ആക്രമണത്തിൽ തകർന്ന കപ്പൽ ഇപ്പോൾ ഗൾഫ് ഓഫ് ഒമാനിലെ ചഹ് ബഹാർ തീരത്ത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ വിവരങ്ങൾ പുറത്ത് വിട്ടു. അമേരിക്കൻ സേനയുടെ നേരിട്ടുള്ള ആക്രമണമേറ്റ ജമാരൻ യുദ്ധക്കപ്പൽ ചഹ് ബഹാർ കടൽതീരത്തെ പിയറിന് സമീപം കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

“പ്രസിഡന്റ് പറഞ്ഞതുപോലെ, ഇറാന്റെ സായുധ സേനയും ഐആർജിസിയും പോലീസും ആയുധങ്ങൾ താഴെ വെക്കണം. കപ്പലുകൾ ഉപേക്ഷിക്കുക,” എന്ന് സെൻട്രൽ കമാൻഡ് ഇറാൻ സൈനികർക്ക് മുന്നറിയിപ്പ് നൽകി. 2010-ൽ നീറ്റിലിറക്കിയ ഈ യുദ്ധക്കപ്പൽ ഇറാന്റെ തദ്ദേശീയമായ സൈനിക കരുത്തിന്റെ പ്രതീകമായിരുന്നു. 120-ലധികം സൈനികരെ വഹിക്കാൻ ശേഷിയുള്ള ഇതിൽ സർഫസ്-ടു-എയർ മിസൈലുകൾ, ടോർപ്പിഡോകൾ, ആധുനിക നാവിക പീരങ്കികൾ എന്നിവ സജ്ജീകരിച്ചിരുന്നു.

ഇറാന്‍റെ നാവിക കരുത്തിനെ തളർത്തുന്നതിലൂടെ പേർഷ്യൻ ഗൾഫിലെയും ഒമാൻ ഉൾക്കടലിലെയും ആധിപത്യം ഉറപ്പിക്കാനാണ് അമേരിക്കയുടെ നീക്കം. ഇതിനകം തന്നെ ഇറാന്റെ മൂന്ന് പ്രധാന യുദ്ധക്കപ്പലുകൾ കൂടി അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളിൽ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര തടയാൻ ഇറാൻ ശ്രമിക്കുന്നത് തടയാനാണ് ഈ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

More Stories from this section

family-dental
witywide