
ടെഹ്റാൻ: ഇറാനിൽ തുടരുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ, സമാധാനപരമായി പ്രതിഷേധിക്കുന്നവരും കലാപകാരികളും ഭീകരരും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ജനങ്ങളുടെ പരാതികൾ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന യുവാക്കൾ കലാപകാരികളുടെയും ഭീകരരുടെയും ചതിക്കുഴിയിൽ വീഴരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളിൽ ചേരാൻ മക്കളെ അനുവദിക്കരുതെന്ന് അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
നിലവിൽ അക്രമം നടത്തുന്നവർ വിദേശശക്തികളിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണെന്ന് പ്രസിഡന്റ് ആരോപിച്ചു. ബാങ്കുകൾ, പള്ളികൾ, ഫയർ ട്രക്കുകൾ, സ്വകാര്യ വീടുകൾ എന്നിവയ്ക്ക് തീയിടുന്നത് പ്രതിഷേധമല്ലെന്നും ഇത് സമൂഹത്തെ തകർക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേലുമാണ് ഈ കലാപങ്ങൾക്ക് പിന്നിലെന്ന് പെസെഷ്കിയൻ കുറ്റപ്പെടുത്തി. “അവർ അവിടെയിരുന്ന് അക്രമം നടത്താൻ നിർദ്ദേശം നൽകുകയാണ്. മുൻപ് ഇറാനിലെ കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നൊടുക്കിയവർ തന്നെയാണ് ഇപ്പോൾ അക്രമികൾക്ക് പിന്തുണ നൽകുന്നത്,” അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് സാമ്പത്തികമായോ മറ്റോ ആശങ്കകളുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എല്ലാവരും ഒന്നിച്ചിരുന്ന് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, പ്രതിഷേധങ്ങളിൽ ഇതുവരെ 200-ലധികം പേർ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നതിനാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നതിന് പരിമിതികളുണ്ട്. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളും ഇസ്രായേലും തങ്ങളുടെ ലക്ഷ്യമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.














