വലിയ വില നൽകാൻ രാജ്യം സന്നദ്ധം, പക്ഷേ മുട്ടുമടക്കില്ലെന്ന് ഇറാൻ; ദീർഘകാല യുദ്ധത്തിന് സജ്ജമെന്ന് ദേശീയ സുരക്ഷാ മേധാവി

ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിൽ, രാജ്യം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തിന് പൂർണ്ണമായി തയ്യാറെടുത്തിരിക്കുകയാണെന്ന് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി. തിങ്കളാഴ്ച എക്സിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ 300 വർഷത്തെ ചരിത്രത്തിലെന്നപോലെ ഇറാൻ ഈ യുദ്ധത്തിന് തുടക്കം കുറിച്ചിട്ടില്ലെന്നും, തങ്ങളുടെ സൈന്യം നടത്തുന്ന എല്ലാ നീക്കങ്ങളും പ്രതിരോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആറായിരം വർഷത്തെ പഴക്കമുള്ള ഇറാന്റെ സംസ്കാരത്തെയും പരമാധികാരത്തെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇതിനായി വരുന്ന ഏത് വലിയ വിലയും നൽകാൻ രാജ്യം സന്നദ്ധമാണെന്നും ലാരിജാനി പറഞ്ഞു. ഇറാനെ നിസ്സാരമായി കാണുന്ന ശത്രുക്കളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്നും അവർക്ക് ഈ നീക്കത്തിൽ ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കഴിഞ്ഞ ശനിയാഴ്ച കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിലുണ്ടായ സംഘർഷങ്ങൾ അതീവ ഗുരുതരമായി തുടരുകയാണ്.

റെഡ് ക്രസന്റ് സൊസൈറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മേഖലയിലുടനീളം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകിയിരുന്നു. ഇതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലുടനീളം അക്രമ പരമ്പരകൾ വ്യാപിക്കുകയാണ്. വരും ദിവസങ്ങളിൽ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിലാണ് ആഗോള സമൂഹം.

More Stories from this section

family-dental
witywide