വീണ്ടും പ്രതീക്ഷകൾ, ഇറാൻ-അമേരിക്ക ചർച്ചകൾക്ക് കളമൊരുങ്ങുന്നു; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുൻകൈ എടുത്തതായി റിപ്പോർട്ട്

ടെഹ്‌റാൻ: നാലാഴ്ച പിന്നിട്ട ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ തിരശീലയ്ക്ക് പിന്നിൽ നീക്കങ്ങൾ സജീവമാകുന്നു. അമേരിക്കൻ ഭരണകൂടം നേരിട്ട് ഇറാനുമായി ആശയവിനിമയം നടത്തിയതായും യുദ്ധം അവസാനിപ്പിക്കാൻ സുസ്ഥിരമായ നിർദ്ദേശങ്ങൾ ലഭിച്ചാൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാനിയൻ വൃത്തങ്ങൾ വെളിപ്പെടുത്തി. വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നാണ് ഇതിനായുള്ള ആദ്യ ചുവടുവെപ്പുകൾ ഉണ്ടായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ഇടനിലക്കാർ വഴി ഇരുരാജ്യങ്ങളും സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായ തോതിലുള്ള ചർച്ചകളിലേക്ക് കടന്നിട്ടില്ല. കേവലം ഒരു താൽക്കാലിക വെടിനിർത്തലിന് അപ്പുറം, ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതയ്ക്ക് ശാശ്വത പരിഹാരം കാണുന്ന തരത്തിലുള്ള കരാറാണ് ലക്ഷ്യമിടുന്നത്. സമാധാന ചർച്ചകളെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളോട് പ്രതികരിക്കാൻ ഇറാൻ വിസമ്മതിച്ചെങ്കിലും, തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്ന സുസ്ഥിരമായ ഏത് പദ്ധതിയും പരിഗണിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.

നേരിട്ടുള്ള ചർച്ചകൾക്കായി ഇറാൻ സമ്മർദ്ദം ചെലുത്തുന്നില്ലെങ്കിലും തങ്ങളുടെ നിലപാടുകളിൽ വ്യക്തതയുണ്ടെന്ന് ഇറാനിയൻ വൃത്തങ്ങൾ അറിയിച്ചു. സമാധാന കരാറിന്റെ ഭാഗമായി ആയുധ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന ഉറപ്പ് നൽകാൻ ഇറാൻ തയ്യാറാണ്. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇറാൻ ആവർത്തിച്ചു. കൂടാതെ, ചർച്ചകൾ വിജയിക്കണമെങ്കിൽ ഇറാന് മേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണമെന്ന കർശന നിബന്ധനയും ടെഹ്‌റാൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide