
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ, നിലവിൽ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന കർശന നിലപാടുമായി ഇറാൻ. അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെടുന്നത് ‘യുക്തിരഹിതമാണെന്ന്’ ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മുൻപ് ഒപ്പിട്ട കരാറുകൾ ലംഘിച്ചവരുമായി വീണ്ടും ചർച്ച നടത്തുന്നത് അടിസ്ഥാനപരമായി ശരിയല്ലെന്നാണ് ഇറാന്റെ വാദം. തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ യുദ്ധം തുടരാനാണ് ഇറാന്റെ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫാർസ് ന്യൂസ് വ്യക്തമാക്കി.
ശത്രുപക്ഷത്തിന് അവരുടെ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചിട്ടില്ലെന്നും അതിനാൽ ഇപ്പോൾ പിൻവാങ്ങേണ്ടതില്ലെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇരുരാജ്യങ്ങളും ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചകൾക്ക് തുടക്കമിട്ടത് ഇറാനാണെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടത്. തന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ചർച്ചകളിൽ സജീവമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 പോയിന്റുകൾ അടങ്ങിയ നിബന്ധനകളുടെ പട്ടിക പാകിസ്ഥാൻ മുഖേന അമേരിക്ക ഇറാന് കൈമാറിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പ്രതിരോധ ശേഷിയിൽ നിയന്ത്രണം കൊണ്ടുവരിക, മേഖലയിലെ സായുധ സംഘങ്ങൾക്കുള്ള പിന്തുണ അവസാനിപ്പിക്കുക, ഇസ്രായേലിന്റെ നിലനിൽപ്പിനുള്ള അവകാശം അംഗീകരിക്കുക തുടങ്ങിയ കടുത്ത നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഈ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നയതന്ത്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോഴും, പരസ്യമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.












