ഇറാനിയൻ പടക്കപ്പലായ ഐആർഐഎസ് ലാവൺ കൊച്ചിയിൽ നങ്കൂരമിട്ടു. സാങ്കേതിക തകരാറുകൾ കാരണമാണ് കപ്പൽ കൊച്ചി തുറമുഖത്ത് അടുപ്പിച്ചതെന്നാണ് വിവരം. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർഥന പരിഗണിച്ച് മാർച്ച് ഒന്നിന് കപ്പൽ കൊച്ചി തീരത്ത് നങ്കൂരമിടാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു. മാർച്ച് നാലു മുതൽ കപ്പൽ കൊച്ചിയിൽ ഉണ്ടായിരുന്നു.
കൊച്ചിയിലെ നാവികതാവളത്തിലേക്ക് കപ്പലിലുണ്ടായിരുന്ന 183 നാവികരെയും സുരക്ഷിതമായി മാറ്റിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫെബ്രുവരി 26-ന് ഐആർഐഎസ് ലാവണും ഐആർഐഎസ് ബുഷറും മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു. അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് എത്തിയ ഈ കപ്പലിനെക്കുറിച്ച് പുറംലോകത്തിന് അറിവില്ലാതിരുന്നത് വലിയ പ്രതിരോധ ചർച്ചകൾക്കും ദുരൂഹതകൾക്കും കാരണമായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ ലാവൺ കപ്പൽ അമേരിക്ക തകർത്തുവെന്നോ ഇന്ത്യൻ മഹാസമുദ്രത്തിൽ അലഞ്ഞുനടക്കുകയാണെന്നോ ഉള്ള രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കപ്പൽ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന ഔദ്യോഗിക വിവരം പുറത്തുവരുന്നത്. കപ്പൽ ഇന്ത്യയുടെ സുരക്ഷിത കവചത്തിലുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
അതേസമയം, സമാനമായ രീതിയിൽ ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുണ്ടായിരുന്ന ഐആർഐഎസ് ബുഷർ എന്ന സൈനിക ടാങ്കർ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്താണ് എത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുവച്ചു നടന്ന മിലൻ 2026 നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങവേ ആണവ അന്തർവാഹിനി ഉപയോഗിച്ച് ഇറാൻ്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവെച്ച് യുഎസ് നേരത്തേ ആക്രമിച്ചിരുന്നു.
Iranian warship anchored in Kochi; 183 sailors on board shifted to naval base










