അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം: 800 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: യുദ്ധത്തിൻ്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 800 ദശലക്ഷം ഡോളറിൻ്റെ (ഏകദേശം 6,600 കോടി രൂപ) നാശനഷ്ടങ്ങൾ സംഭവിച്ചതായി പുതിയ വിശകലന റിപ്പോർട്ടുകൾ. സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസും (CSIS) ബിബിസിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

ഇറാൻ്റെ ആക്രമണത്തിൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള ഏകദേശം 10 അമേരിക്കൻ റഡാർ സംവിധാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജോർദാനിലെ താഡ് (THAAD) മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായ AN/TPY-2 റഡാർ ആണ്. ഇതിന് മാത്രം ഏകദേശം 485 ദശലക്ഷം ഡോളർ വിലവരും.

കെട്ടിടങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി 310 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടങ്ങൾ വേറെയും കണക്കാക്കപ്പെടുന്നു. ബഹ്‌റൈനിലെ യുഎസ് നേവിയുടെ ഫിഫ്ത്ത് ഫ്ലീറ്റ് ആസ്ഥാനത്ത് ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിൽ മാത്രം 200 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം കണക്കാക്കുന്നു. ഖത്തറിലെ ഉം ദഹലിലുള്ള 1.1 ബില്യൺ ഡോളർ വിലമതിക്കുന്ന ഏർലി വാർണിംഗ് റഡാറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കുവൈറ്റിലെ അലി അൽ-സലിം, ഖത്തറിലെ അൽ-ഉദൈദ്, സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എന്നീ താവളങ്ങളിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി 28-ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം 13 അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. ഇതോടൊപ്പം നടന്ന സംഘർഷങ്ങളിൽ 1,400 സാധാരണക്കാർ ഉൾപ്പെടെ 3,200 പേർ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസി (Hrana) റിപ്പോർട്ട് ചെയ്യുന്നു.

നാശനഷ്ടങ്ങൾ കൂടാതെ യുദ്ധത്തിനായി അമേരിക്ക വൻതുക ചെലവാക്കുന്നതായും റിപ്പോർട്ട് പറയുന്നു. യുദ്ധം ആരംഭിച്ച് ആദ്യ ആറ് ദിവസത്തിനുള്ളിൽ അമേരിക്കയ്ക്ക് 11.3 ബില്യൺ ഡോളർ ചെലവായി. 12 ദിവസമായപ്പോൾ യുദ്ധച്ചെലവ് 16.5 ബില്യൺ ഡോളറിലെത്തി. യുദ്ധത്തിനായി 200 ബില്യൺ ഡോളർ കൂടി പെൻ്റഗൺ അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാൻ്റെ ആണവ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങളെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഉലച്ചിലും ആശങ്കയുണ്ടാക്കുന്നുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ച് പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ തയ്യാറായിട്ടില്ല.

ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചത്. ഇറാൻ്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇതിന് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കുവൈറ്റ്, യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു.

Iran’s attack on US military bases: Report says damage worth $800 million

More Stories from this section

family-dental
witywide