
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രായേൽ ലക്ഷ്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ തങ്ങളുടെ ഏറ്റവും കരുത്തുറ്റ ‘സെജ്ജിൽ’ (Sejjil) മിസൈലുകൾ പ്രയോഗിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ 54-ാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഇറാൻ ഈ വിനാശകാരിയായ മിസൈലുകൾ പ്രയോഗിച്ചത്.
ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈറ്റ്, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനുപുറമെ ഇസ്രായേലിലെ പ്രധാന സൈനിക കേന്ദ്രങ്ങളും ഇറാൻ ലക്ഷ്യമിട്ടു.
2,000 മുതൽ 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള സെജ്ജിൽ മിസൈലുകൾക്ക് ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ വിക്ഷേപിക്കാൻ സാധിക്കും. മിസൈലിന് ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുണ്ട്.
ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാൻ ശേഷിയുള്ളതിനാൽ ഈ മിസൈലിനെ ‘ഡാൻസിങ് മിസൈൽ’ എന്നും വിളിക്കുന്നു. 1990 കളുടെ തുടക്കത്തിലാണ് സെജ്ജിൽ മിസൈലിൻ്റെ രൂപകൽപന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാൻ ഇപ്പോൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Iran’s ‘dancing missile’ breaks through defense walls; US bases in the Middle East on high alert
















