ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് ഇറാന്‍റെ ശുഭപ്രതീക്ഷ, യുദ്ധഭീതി നിലനിൽക്കെ നിർണായകമായ പ്രതികരണവുമായി അബ്ബാസ് അരാഗ്‌ചി

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സന്നാഹം ശക്തമാകുന്നതിനിടെ, സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനമുണ്ടാകുമെന്ന് ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ‘എം എസ് നൗ’ ചാനലിലെ മോണിംഗ് ജോ പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ മേഖലയിൽ വിന്യസിച്ച സാഹചര്യത്തിൽ യുദ്ധഭീതി നിലനിൽക്കെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നിർണ്ണായക പ്രതികരണം.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിന് സമർപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഇറാൻ തയ്യാറാക്കി വരികയാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും മേലധികാരികളുടെ അംഗീകാരം ലഭിച്ചാലുടൻ അമേരിക്കയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ അത് സ്വമേധയാ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അരാഗ്‌ചി വ്യക്തമാക്കി. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

“ഞങ്ങൾ യുദ്ധത്തിനും തയ്യാറാണ്, സമാധാനത്തിനും തയ്യാറാണ്” എന്ന് പറഞ്ഞ അരാഗ്‌ചി, ഈ പ്രശ്നത്തിന് സൈനികപരമായ ഒരു പരിഹാരമില്ലെന്നും നയതന്ത്രത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും കൂട്ടിച്ചേർത്തു. 10 മുതൽ 15 ദിവസത്തിനുള്ളിൽ ഒരു തീരുമാനമുണ്ടാകണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആയുധങ്ങൾ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം അനാവശ്യമാണെന്നും ഇറാൻ ആവർത്തിച്ചു. വരും ദിവസങ്ങളിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.

More Stories from this section

family-dental
witywide