
ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈനിക നീക്കത്തിന് ആലോചിക്കുന്നതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലുള്ള ആശയവിനിമയ പാത സജീവമാണെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ യുദ്ധം അടിച്ചേൽപ്പിക്കുകയാണെങ്കിൽ അതിന് പൂർണ്ണ സജ്ജമാണെന്നും അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. നീതിയുക്തവും തുല്യവുമായ അന്തരീക്ഷത്തിൽ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടം തന്നെ ചർച്ചകൾക്കായി വിളിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളിൽ ഇറാൻ തളർന്നുവെന്നും അവർ ഒരു ഉടമ്പടി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ.
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് തിങ്കളാഴ്ച അറിയിച്ചത് പ്രകാരം, അരാഗ്‌ചിയും വിറ്റ്‌കോഫും തമ്മിലുള്ള ചാനൽ വഴി കൃത്യമായ സന്ദേശങ്ങൾ കൈമാറുന്നുണ്ട്. കഴിഞ്ഞ വർഷം ആണവ കരാറിനായി തുടങ്ങിയ ഈ ബന്ധം, ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബ് ഇട്ടതോടെ തകർന്നിരുന്നു.
പ്രതിഷേധക്കാർക്ക് നേരെ ഇറാൻ ബലപ്രയോഗം തുടരുകയാണെങ്കിൽ “അതിശക്തമായ സൈനിക നടപടി” ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു. സൈനിക നീക്കത്തിന് മുൻപ് ഒരു കൂടിക്കാഴ്ചയ്ക്ക് ട്രംപ് തയ്യാറായേക്കുമെന്നും സൂചനകളുണ്ട്.
ഇറാനിലെ ഇന്റർനെറ്റ് നിരോധനം കാരണം വിവരങ്ങൾ വൈകുന്നുണ്ടെങ്കിലും, മനുഷ്യാവകാശ സംഘടനകൾ നൽകുന്ന കണക്ക് പ്രകാരം പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനോടകം 500 കടന്നതായാണ് റിപ്പോർട്ട്. ഈ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ഈ രഹസ്യ ചാനൽ ചർച്ചകൾ യുദ്ധം ഒഴിവാക്കാൻ സഹായിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.












