
ടെഹ്റാൻ: കത്തോലിക്കാ സഭയുടെ പരമാധികാരിയായ ലിയോ പതിനാലാമൻ മാർപ്പാപ്പയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങളെ അപലപിച്ച് ഇറാൻ രംഗത്ത്. മാർപ്പാപ്പയെ അപമാനിച്ചത് ഒരു സ്വതന്ത്ര വ്യക്തിക്കും അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രവാചകനായ യേശുക്രിസ്തുവിനെ അവഹേളിക്കുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
മുൻ ഇറാനിയൻ പരമാധികാരി അയത്തൊള്ള അലി ഖമേനിയുടെ വധവുമായി മാർപ്പാപ്പയ്‌ക്കെതിരെ നടക്കുന്ന ഈ സ്വഭാവഹത്യയെ ഇറാൻ താരതമ്യം ചെയ്തു. ലോക ഇസ്‌ലാമിക നേതാവിനെ ധിക്കാരപൂർവ്വം വധിച്ചപ്പോൾ പാശ്ചാത്യ ലോകം നിശബ്‍ദത പാലിച്ചുവെന്നും, അതുകൊണ്ടുതന്നെ ലോക ക്രൈസ്തവ നേതാവായ മാർപ്പാപ്പയെ ട്രംപ് അപമാനിക്കുന്നതിൽ അത്ഭുതമില്ലെന്നും ഇറാന്‍റെ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി മെഹ്ദി തബതബായി ആഞ്ഞടിച്ചു.
ഇറാൻ യുദ്ധത്തോടുള്ള മാർപ്പാപ്പയുടെ നിലപാടിനെ വിമർശിച്ച ട്രംപ്, അദ്ദേഹം വിദേശനയത്തിന്‍റെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് മാർപ്പാപ്പയോട് വലിയ താൽപ്പര്യമില്ലെന്നും ട്രംപ് തുറന്നടിച്ചു. എന്നാൽ ഇതിനെതിരെ ലിയോ പതിനാലാമൻ മാർപ്പാപ്പ ശക്തമായി പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തെയോ ഭീഷണികളെയോ ഭയപ്പെടുന്നില്ലെന്നും സുവിശേഷത്തിന്‍റെ സന്ദേശം ലോകത്തോട് വിളിച്ചുപറയുന്നത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമാധാനത്തിനായി നിലകൊള്ളുന്ന സഭയുടെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.














