
ടെഹ്റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഖമേനിയുടെ ആദ്യ പരസ്യ പ്രതികരണമാണിത്. അമേരിക്കൻ പ്രസിഡന്റിനെ പ്രീണിപ്പിക്കാനായി പൊതുമുതൽ നശിപ്പിക്കുന്നവരാണ് പ്രക്ഷോഭകാരികളെന്ന് അദ്ദേഹം ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് സ്വന്തം രാജ്യത്തെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഖമേനി പറഞ്ഞു.
ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തം ചൊരിഞ്ഞാണ് ഇസ്ലാമിക് റിപ്പബ്ലിക് അധികാരത്തിൽ വന്നതെന്നും, രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കെട്ടായി നിൽക്കുന്ന ഇറാനിലെ ജനങ്ങൾ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ പ്രക്ഷോഭകാരികളെ സുരക്ഷാ സേന വധിക്കുകയാണെങ്കിൽ സൈനിക ആക്രമണം നടത്തുമെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഖമേനിയുടെ പ്രസ്താവന.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനിടയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മേഖലയിൽ കൂടുതൽ സംഘർഷസാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.















