യുഎസിന് മുന്നറിയിപ്പ്, വെടിനിർത്തൽ ധാരണയിൽ ലെബനനും ഭാഗമാണ്; ഇസ്രായേൽ പ്രകോപനം തുടർന്നാൽ ചർച്ചകൾ അർത്ഥശൂന്യമെന്ന് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ ധാരണയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ലെബനനും ഈ കരാറിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി ഇറാന്റെ ഉന്നത നേതൃത്വം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫുമാണ് ലെബനനെ ഒഴിവാക്കിയുള്ള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന കർശന നിലപാട് ആവർത്തിച്ചത്.

അമേരിക്കയുമായുള്ള വരാനിരിക്കുന്ന ചർച്ചകളിൽ ഇറാന്റെ പ്രധാന ചർച്ചക്കാരനായി കരുതപ്പെടുന്ന ഖാലിബാഫ്, എക്സിലൂടെയാണ് ഇറാന്റെ നയം വ്യക്തമാക്കിയത്. ലെബനനും ഹിസ്ബുള്ളയും ഇറാന്റെ സഖ്യകക്ഷികളാണെന്നും വെടിനിർത്തൽ കരാറിന്റെ അവിഭാജ്യ ഭാഗമാണെന്നും അദ്ദേഹം കുറിച്ചു. കരാറിൽ നിന്ന് പിന്നോട്ട് പോകുന്നതിനോ നിഷേധിക്കുന്നതിനോ ഇനി ഇടമില്ലെന്നും വെടിനിർത്തൽ ലംഘനങ്ങൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഉടനടി തീ അണയ്ക്കുക” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. വെടിനിർത്തൽ പ്രഖ്യാപനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ലെബനന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് ഖാലിബാഫ് ഓർമ്മിപ്പിച്ചു.

സമാനമായ മുന്നറിയിപ്പുമായി പ്രസിഡന്റ് പെസെഷ്കിയാനും രംഗത്തെത്തി. ലെബനന് നേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങൾ തുടരുന്നത് നയതന്ത്ര ചർച്ചകളെ അർത്ഥശൂന്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. “സയണിസ്റ്റ് ഭരണകൂടം ലെബനനിൽ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങൾ പ്രാഥമിക വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്. വരാനിരിക്കുന്ന കരാറുകളിൽ നിന്നുള്ള പിന്നോട്ടുപോക്കിന്റെയും വഞ്ചനയുടെയും സൂചനയാണിതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാതെ സമാധാന ചർച്ചകളിൽ മുന്നോട്ട് പോകാനാവില്ലെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയിലെ സംഘർഷത്തിന് പുതിയ നയതന്ത്ര മാനം നൽകിയിരിക്കുകയാണ്.

More Stories from this section

family-dental
witywide