
ടെഹ്‌റാൻ: ഇറാന്‍റെ വൈദ്യുതി നിലയങ്ങളെ ലക്ഷ്യം വെക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാന്റെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനി. ഇറാന്റെ വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ തകർത്താൽ വെറും മുപ്പത് മിനിറ്റിനുള്ളിൽ മേഖലയാകെ ഇരുട്ടിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ വൈദ്യുതി ഉൽപ്പാദന ശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് പുനർനിർമ്മിക്കാൻ ഇറാന് 25 വർഷം വേണ്ടിവരുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ലാറിജാനി മറുപടി നൽകിയത്.
ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ ലാറിജാനി, അമേരിക്ക ഇത്തരമൊരു സാഹസത്തിന് മുതിർന്നാൽ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ നിഴലിക്കുമെന്ന് വ്യക്തമാക്കി. മേഖലയിലുണ്ടാകുന്ന ഈ ഇരുട്ട് രക്ഷപ്പെടാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടാൻ തങ്ങൾക്ക് മികച്ച അവസരമൊരുക്കുമെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ഇറാന്‍റെ സൈനിക ശേഷിയെ കുറച്ചുകാണുന്ന അമേരിക്കൻ നിലപാടിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന സൂചനയാണ് ലാറിജാനിയുടെ വാക്കുകൾ നൽകുന്നത്. നിലവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.














