
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പങ്കടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്കൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്താൻ യാതൊരു പദ്ധതിയുമില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച അമേരിക്കയുമായി കൂടുതൽ ചർച്ചകൾ നടക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ പ്രതികരണം വന്നത്.
ഇറാൻ യുദ്ധത്തിൽ കടുത്ത തിരിച്ചടികൾ നേരിടുകയാണെന്നും അതിനാൽ കരാറിലെത്താൻ അവർക്ക് അടിയന്തിര ആവശ്യമുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. എന്നാൽ ഖത്തർ മധ്യസ്ഥർ വഴിയാണ് തങ്ങളുടെ കൃത്യമായ നിലപാടുകൾ അമേരിക്കയെ അറിയിച്ചിട്ടുള്ളതെന്നും, ഇതിന്മേൽ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഇറാന്‍റെ മുതിർന്ന പ്രതിനിധികൾ വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ഇറാൻ സംഘം ടെഹ്‌റാനിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായും മധ്യസ്ഥർ വഴിയാണ് നടക്കുന്നത്.














