
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, ശക്തമായ പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ്. അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ കുടുക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. മേഖലയിൽ സൈനിക സംഘർഷം ഉച്ചസ്ഥായിയിലെത്തിനിൽക്കുന്ന ഘട്ടത്തിലാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രതികരണം.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് റെവല്യൂഷണറി ഗാർഡ്സിന്‍റെ നാവിക വിഭാഗം സോഷ്യൽ മീഡിയ വഴി വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിൽ, രാജ്യത്തിന്റെ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്. തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏതു സൈനിക നീക്കത്തെയും നേരിടാൻ സജ്ജമാണെന്നും, ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.
അന്താരാഷ്ട്ര കപ്പൽ പാതയിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കെ, ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണ്. ട്രംപിന്റെ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാന്റെ ഈ പുതിയ ഭീഷണി പുറത്തുവന്നതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങളെ അതീവ ഗൗരവത്തോടെ ലോകം ഉറ്റുനോക്കുകയാണ്.














