
വാഷിംഗ്ടൺ: പ്രവേശന പ്രക്രിയയിൽ വംശീയത ഇപ്പോഴും മാനദണ്ഡമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി, ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നുള്ള കൂടുതൽ ഡാറ്റ ആവശ്യപ്പെട്ടുകൊണ്ട് യുഎസ് നീതിന്യായ വകുപ്പ് കോടതിയെ സമീപിച്ചു. 13-നാണ് മസാച്യുസെറ്റ്‌സിലെ ഫെഡറൽ കോടതിയിൽ ഈ കേസ് ഫയൽ ചെയ്തത്.
2023-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് കോളേജ് പ്രവേശനത്തിൽ വംശീയ പരിഗണനകൾ ഒഴിവാക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ അന്വേഷണം. വെള്ളക്കാരായ അപേക്ഷകർക്കെതിരെ വിവേചനം നടക്കുന്നുണ്ടോ എന്നും നീതിന്യായ വകുപ്പ് പരിശോധിക്കുന്നുണ്ട്. ഹാർവാർഡ് കോളേജ്, ലോ സ്കൂൾ, മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലെ അപേക്ഷകരുടെ വ്യക്തിഗത ഗ്രേഡുകൾ, ടെസ്റ്റ് സ്കോറുകൾ, വംശീയ പശ്ചാത്തലം തുടങ്ങിയ വിവരങ്ങളാണ് സർക്കാർ ആവശ്യപ്പെട്ടത്.
കഴിഞ്ഞ 10 മാസമായി ഹാർവാർഡ് വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയാണെന്നും, കൃത്യമായ വിവരങ്ങൾ നൽകാതെ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നും നീതിന്യായ വകുപ്പ് കോടതിയിൽ വാദിച്ചു. തങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നുമാണ് ഹാർവാർഡ് അധികൃതർ വ്യക്തമാക്കിയത്. സർക്കാരിന്റെ നടപടി അനാവശ്യമായ ഇടപെടലാണെന്നും സർവ്വകലാശാല ഇതിനെതിരെ പ്രതിരോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ, സർവ്വകലാശാലയുടെ നയങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനായി 100 കോടി ഡോളർ നൽകണമെന്ന് ഹാർവാർഡിനോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Is racism a criterion in the admissions process? Trump administration in court seeking more data from Harvard University.















