ഹോർമുസ് കടലിടുക്ക് തുറന്നുവെന്ന് യുഎസ്; സമുദ്രപാതയിൽ ചരക്കുനീക്കം പുനരാരംഭിച്ചുവെന്ന് വിശദീകരണം, സ്ഥിതിഗതികൾ ശാന്തം

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ, ലോകത്തെ സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് തുറന്നതായി അമേരിക്കൻ ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അറിയിച്ചു. കരാർ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോൾ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും നയതന്ത്ര ചർച്ചകളുടെ അടിസ്ഥാനത്തിൽ കടലിടുക്ക് തുറന്നതായാണ് താൻ വിശ്വസിക്കുന്നതെന്നും പെന്റഗണിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

വെടിനിർത്തൽ വ്യവസ്ഥകൾ പ്രകാരം കടലിടുക്ക് തുറന്നതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളുടെയും സൈന്യം ഈ മേഖലയിൽ അതീവ ജാഗ്രതയോടെ നിരീക്ഷണം തുടരുന്നുണ്ടെങ്കിലും വാണിജ്യ കപ്പലുകളുടെ ഗതാഗതം തടസ്സമില്ലാതെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്തുന്നതിനും ആഗോള സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരുന്നതിനും ചരക്കുനീക്കം സുഗമമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.

മറൈൻ ട്രാഫിക്കിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം രണ്ട് കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എങ്കിലും, സംഘർഷത്തെത്തുടർന്നുണ്ടായ അനിശ്ചിതത്വം കാരണം നൂറുകണക്കിന് കപ്പലുകൾ ഇപ്പോഴും മേഖലയിൽ കാത്തുനിൽക്കുന്നുണ്ടെന്നാണ് കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോകുന്നതോടെ മേഖലയിലെ ഗതാഗതം പൂർവ്വസ്ഥിതിയിലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

More Stories from this section

family-dental
witywide