
ജെറുസലേം: ഇറാനെതിരെയുള്ള സൈനിക നീക്കത്തിലൂടെ ഇസ്രായേലും അമേരിക്കയും “ലോകത്തെ മുഴുവൻ സംരക്ഷിക്കുകയാണെന്ന്” ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഇറാൻ്റെ സൈനിക ശേഷിയെ ഗണ്യമായി തകർത്തുവെന്നും, ടെഹ്‌റാന് ഇനി യുറേനിയം സമ്പുഷ്ടമാക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ കഴിയില്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല. “ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണ്, ഇറാൻ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇറാൻ്റെ ആണവ-ബാലിസ്റ്റിക് മിസൈൽ ഭീഷണികൾ “ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചുമൂടപ്പെട്ടു. വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് മുൻപ് അവ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. കൂടാതെ “ഇറാനിലെ ജനങ്ങൾക്ക് അവരുടെ വിധി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുക” എന്നതും ഇതിൻ്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള അടുത്ത ഏകോപനത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. തങ്ങൾ രണ്ടുപേരും “ഒരേ കാഴ്ചപ്പാടുള്ളവരാണെന്ന്” പറഞ്ഞ അദ്ദേഹം, ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന ആരോപണങ്ങളെ “വ്യാജവാർത്ത” എന്ന് തള്ളിപ്പറഞ്ഞു.
“പ്രസിഡൻ്റ് ട്രംപിനോട് എന്ത് ചെയ്യണമെന്ന് ആർക്കെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? ഒരിക്കലുമില്ല,” നെതന്യാഹു പറഞ്ഞു.
“മറ്റേതെങ്കിലും രണ്ട് നേതാക്കൾ ഇത്രത്തോളം ഏകോപനത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല,” ട്രംപുമായി താൻ പതിവായി സംസാരിക്കാറുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “പക്ഷേ അന്തിമമായി, അദ്ദേഹം സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു, ഞാൻ അവയെ ബഹുമാനിക്കുന്നു.”- നെതന്യാഹു ട്രംപിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
Israel and America are protecting the entire world by taking military action against Iran – Netanyahu















