
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കുന്നത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്ന ഗുരുതര ആരോപണവുമായി പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയും യാഥാസ്ഥിതിക ആക്ടിവിസ്റ്റുമായ കാൻഡസ് ഓവൻസ്. ഇസ്രായേലും നെതന്യാഹുവും ചേർന്ന് ലോകത്തെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇതിന് പിന്നിൽ ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനകളുണ്ടെന്നും അവർ ആരോപിച്ചു.
നെതന്യാഹുവും നിയോകോൺസെർവേറ്റീവുകളും മൂന്നാം ലോകമഹായുദ്ധമാണ് ആഗ്രഹിക്കുന്നത്. ഇറാനിലെ നിലവിലെ ബാങ്കിംഗ് രീതികൾ മാറ്റി അവിടെ പലിശ അധിഷ്ഠിത സാമ്പത്തിക അടിമത്തം നടപ്പിലാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് ഓവൻസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.
വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീൻ ഇസ്രായേലിന് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും, ഇതിലൂടെ ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് ലോകരാജ്യങ്ങളെ ഇസ്രായേൽ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും അവർ ആരോപിച്ചു. ഡോണൾഡ് ട്രംപിനെ യുദ്ധത്തിലേക്ക് തെറ്റായി നയിക്കുകയാണ്. ട്രംപിൻ്റെ അനുയായികൾ ആരും തന്നെ ഈ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ‘ഇസ്രായേൽ ഫസ്റ്റ്’ എന്ന് ചിന്തിക്കുന്നവർ മാത്രമാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
“യാതൊരുവിധ പ്രകോപനമോ ഭീഷണിയോ ഇല്ലാതിരുന്നിട്ടും നമ്മൾ 250 ഇറാനിയൻ പെൺകുട്ടികളെ കൊന്നൊടുക്കി. ബിബിയും (നെതന്യാഹു) നിയോകോൺസും (അമേരിക്കൻ സൈനിക ശക്തി ലോകമെമ്പാടും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർ) മൂന്നാം ലോകമഹായുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത് ചെയ്തത്. അതിലൂടെ ഇറാനിൽ റോത്‌ചൈൽഡ് ബാങ്കിംഗ് സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യം. നിലവിൽ അവിടെ കടക്കെണിയിലാക്കുന്ന ബാങ്കിംഗ് രീതികൾ നിയമവിരുദ്ധമാണ്. എപ്‌സ്റ്റീൻ വിഭാഗത്തിന് ലോകം മുഴുവൻ പലിശക്കൊള്ളയിലൂടെ അടിമകളാക്കണമെന്നാണ് താല്പര്യം,” അവർ ട്വീറ്റ് ചെയ്തു.
“കടക്കെണി, ചൂതാട്ടം, അശ്ലീലം, അവസാനിക്കാത്ത യുദ്ധങ്ങൾ എന്നിവയിലൂടെ നമ്മുടെ രാജ്യം തകർക്കപ്പെട്ടിരിക്കുകയാണ്. ജെഫ്രി എപ്‌സ്റ്റീൻ ആർക്കുവേണ്ടിയാണോ പണിയെടുത്തത് ആ ഇസ്രായേൽ, ലോകത്തെ മുഴുവൻ ബ്ലാക്ക്‌മെയിൽ ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇസ്രായേലിനെയോ, അവരുടെ മിഥ്യാബോധം നിറഞ്ഞ ‘റെഡ് ഹൈഫർ’ യുദ്ധത്തിനെയോ ഞാൻ ഒട്ടും പിന്തുണയ്ക്കുന്നില്ല.”-അവർ വിമർശിച്ചു.
ഇതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. ഇറാനിലെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടയ്ക്കുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകി. 48 മണിക്കൂറിനുള്ളിൽ പാത തുറന്നുകൊടുക്കണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇറാൻ തൊടുത്ത മിസൈലുകൾ ഇസ്രായേലിലെ രഹസ്യ ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള ജനവാസ മേഖലകളിൽ പതിച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയേയും സായുധ സംഘങ്ങളേയും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. വരും ദിവസങ്ങളിൽ മേഖലയിൽ സംഘർഷം ഇനിയും വർദ്ധിക്കാനാണ് സാധ്യത.
“Israel is blackmailing America, Netanyahu is aiming for World War III”: Pro-Trump political observer















