
ടെൽ അവീവ്/ടെഹ്‌റാൻ: ഇറാനെതിരെ അപ്രതീക്ഷിത വ്യോമാക്രമണം നടത്തി ഇസ്രായേൽ പ്രതിരോധ സേന. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേൽ നിർണായക നീക്കം നടത്തിയത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്‍ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇസ്രായേലിന് നേരെയുള്ള ഭീഷണികൾ ഒഴിവാക്കുന്നതിനായി നടത്തിയ മുൻകൂർ ആക്രമണമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിൽ ഉടനീളം അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ടെഹ്‌റാനിലെ സ്ഫോടനങ്ങളെക്കുറിച്ച് ഇറാൻ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും നഗരമധ്യത്തിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂണിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധത്തിന് ഈ നീക്കം കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.














