ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. സെൻട്രൽ ഇറാനിലെ അരക് (Arak) ഹെവി വാട്ടർ റിയാക്ടറിനും യസ്ദ് (Yazd) പ്രവിശ്യയിലെ യുറേനിയം സംസ്കരണ കേന്ദ്രത്തിനും നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാനുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളാണ് അരക്കിലേതെന്ന് ഇസ്രായേൽ ആരോപിച്ചു. അതേസമയം, ആക്രമണത്തിൽ റേഡിയോ ആക്ടീവ് ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന സ്ഥിരീകരിച്ചു.
ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും സമാധാന ചർച്ചകൾ നടക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും, പുതിയ ആക്രമണങ്ങൾ ട്രംപിന്റെ വാക്കുകൾ പാഴായി എന്നാണ് വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ പ്രത്യാക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്. 10 ദിവസത്തേക്ക് ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഉറപ്പ് ഇസ്രായേൽ ലംഘിച്ചതോടെ മേഖലയിൽ യുദ്ധം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര ആണവ നിർവ്യാപന കരാറിൽ (NPT) നിന്ന് പിന്മാറുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകി. കരാറിൽ തുടരുന്നത് കൊണ്ട് ഇറാനു പ്രത്യേക ഗുണമില്ലെന്നും ദേശീയ സുരക്ഷ മുൻനിർത്തി കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതടക്കമുള്ള ഇറാന്റെ നീക്കങ്ങൾ ആഗോള ഊർജ്ജ വിപണിയെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
Israel strikes Iran’s nuclear facilities in Arak and Yazd; Tehran threatens to exit NPT













