
ടെഹ്റാൻ: ഇറാന്‍റെ ഊർജ്ജ കേന്ദ്രമായ അസലൂയയിലെ സൗത്ത് പാഴ്സ് പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഇറാന്‍റെ ഊർജ്ജ-കയറ്റുമതി മേഖലയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ജാം, ദമാവന്ദ് പെട്രോകെമിക്കൽ പ്ലാൻ്റുകളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ്റെ മൊത്തം പെട്രോകെമിക്കൽ ഉൽപാദനത്തിൻ്റെ പകുതിയോളം കൈകാര്യം ചെയ്യുന്ന അതീവ സുപ്രധാന മേഖലയാണിതെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു.
കഴിഞ്ഞ ആഴ്ച ഖുസെസ്ഥാൻ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അസലൂയയിലും ഇസ്രായേൽ ബോംബിട്ടത്. ഈ രണ്ട് പ്രവിശ്യകളിലുമായി നടന്ന ആക്രമണങ്ങളിലൂടെ ഇറാൻ്റെ പെട്രോകെമിക്കൽ കയറ്റുമതിയുടെ 85 ശതമാനത്തോളം തടസ്സപ്പെട്ടതായും ഈ പ്ലാൻ്റുകൾ നിലവിൽ പ്രവർത്തനരഹിതമാണെന്നും മന്ത്രി ഇസ്രായേൽ കാറ്റ്സ് അവകാശപ്പെട്ടു.
ഈ ആക്രമണം ഇറാൻ്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്നും പതിനായിരക്കണക്കിന് കോടി ഡോളറിൻ്റെ നഷ്ടമുണ്ടാക്കുമെന്നുമാണ് ഇസ്രായേലിൻ്റെ വിലയിരുത്തൽ. തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾക്കായി ഇറാൻ പ്രധാനമായും ഉപയോഗിക്കുന്നത് പെട്രോകെമിക്കൽ മേഖലയിൽ നിന്നുള്ള വരുമാനമാണെന്നും അത് തടയാനാണ് ഈ നീക്കമെന്നും ഇസ്രായേൽ വ്യക്തമാക്കി. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.














