
ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഈ ആഴ്ചയിലെ വാഷിംഗ്ടൺ സന്ദർശനത്തിന് മുന്നോടിയായി, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ തങ്ങളുടെ നിയന്ത്രണം ശക്തമാക്കുന്നതിനായി വൻ നടപടികളുമായി ഇസ്രായേൽ. വെസ്റ്റ് ബാങ്കിലെ നിയമപരവും പൗരപരവുമായ യാഥാർത്ഥ്യത്തെ ഇത് അടിസ്ഥാനപരമായി മാറ്റുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലൽ സ്മോട്രിച്ച് വിശേഷിപ്പിച്ചു. ഞായറാഴ്ച ചേർന്ന ഇസ്രായേൽ സുരക്ഷാ കാബിനറ്റാണ് വെസ്റ്റ് ബാങ്കിലെ നിർമ്മാണങ്ങൾക്കും ഭൂമി ഏറ്റെടുക്കലിനും ഇസ്രായേലിന് കൂടുതൽ അധികാരം നൽകുന്ന ഉത്തരവുകൾക്ക് അംഗീകാരം നൽകിയത്.
ഓസ്‌ലോ കരാർ പ്രകാരം പലസ്തീന്റെ സുരക്ഷാ നിയന്ത്രണത്തിലുള്ള എ, ബി മേഖലകളിൽ ഇസ്രായേലിന്റെ അധികാരം വ്യാപിപ്പിക്കുന്നതാണ് പുതിയ നടപടി. വെസ്റ്റ് ബാങ്ക് പ്രദേശത്തിന്റെ ഏകദേശം 40 ശതമാനം വരുന്ന ഈ ഭാഗങ്ങളിൽ ഇനിമുതൽ ഇസ്രായേലിന് കൂടുതൽ മേൽക്കോയ്മ ലഭിക്കും. കൂടാതെ, വെസ്റ്റ് ബാങ്കിൽ പുതിയ സെറ്റിൽമെന്റുകൾ (കുടിയേറ്റ കേന്ദ്രങ്ങൾ) വ്യാപിപ്പിക്കുന്നതിനായി ഭൂമി വാങ്ങുന്നതിന് ‘ലാൻഡ് അക്വിസിഷൻ കമ്മിറ്റി’ പുനരാരംഭിക്കാനും തീരുമാനമായി. വരും തലമുറകൾക്കായി ഭൂമി കരുതിവെക്കുന്നതിനുള്ള നിർണ്ണായക നീക്കമാണിതെന്ന് ഇസ്രായേൽ ഭരണകൂടം അവകാശപ്പെടുന്നു.
ഹെബ്രോൺ നഗരത്തിലെ ജൂത കുടിയേറ്റക്കാർക്കും സിവിൽ അഡ്മിനിസ്‌ട്രേഷനും പുതിയ മുൻസിപ്പൽ അധികാരങ്ങൾ നൽകാനും സമിതി തീരുമാനിച്ചു. പലസ്തീൻ മുൻസിപ്പാലിറ്റിയുമായി കൂടിയാലോചിക്കാതെ തന്നെ കുടിയേറ്റ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും. പലസ്തീൻ രാഷ്ട്രം എന്ന ആശയത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്മോട്രിച്ച് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഈ നടപടി വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കമാണെന്ന് പലസ്തീൻ അതോറിറ്റിയും അന്താരാഷ്ട്ര സമൂഹവും ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിൽ ഈ വിഷയം സജീവ ചർച്ചയാകുമെന്നുറപ്പാണ്.











