
റോം: അടുത്ത മാസം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിന്‍റെ സുരക്ഷാ ചുമതലകളിൽ സഹായിക്കാൻ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് ഏജന്‍റുകളെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ ഇറ്റലിയിൽ വ്യാപക പ്രതിഷേധം. അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ നടപടികൾക്കിടെ നടന്ന രണ്ട് വെടിവയ്പ്പുകളിൽ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ പ്രതിഷേധം. ഏജന്‍റുകളുടെ സാന്നിധ്യം തടയാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി അടിയന്തരമായി ഇടപെടണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ടു.
ശീതകാല ഒളിമ്പിക്സിൽ ഐസിഇ ഏജന്‍റുകൾ സുരക്ഷാ ചുമതലകളിൽ ഉണ്ടാകുമെന്ന് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. എന്നാൽ, ഒരു വിദേശ രാജ്യത്ത് ഇമിഗ്രേഷൻ നടപടികളിൽ ഏജന്‍റുമാർ ഇടപെടില്ലെന്നും അവർക്ക് സുരക്ഷാ ചുമതലകൾ മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഡിഎച്ച്എസ് വക്താവ് വ്യക്തമാക്കി. യുഎസ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസിനെ പിന്തുണയ്ക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം.
ഒളിമ്പിക്സിലെ എല്ലാ സുരക്ഷാ പ്രവർത്തനങ്ങളും ഇറ്റലിയുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമെന്ന് ഡിഎച്ച്എസ് വക്താവ് ട്രിസിയ മക്ലോഗ്ലിൻ പറഞ്ഞു. രാജ്യാന്തര ക്രിമിനൽ സംഘങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടുന്നതിനും സുരക്ഷാ പരിശോധനകൾ നടത്തുന്നതിനും ഇറ്റാലിയൻ അധികൃതരെ സഹായിക്കുകയാണ് ഐസിഇയുടെ ഭാഗമായ ‘ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്’ വിഭാഗം ചെയ്യുന്നത്.
മുൻപും പല ഒളിമ്പിക്സുകളിലും യുഎസ് നയതന്ത്രജ്ഞരുടെ സുരക്ഷയ്ക്കായി ഫെഡറൽ ഏജൻസികൾ സഹകരിച്ചിട്ടുണ്ടെങ്കിലും, മിനിയാപൊളിസ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ഇത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സുരക്ഷയുടെ പേരിൽ വിവാദ ഏജൻസികളെ അനുവദിക്കുന്നത് രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.















