
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് ഓഹരി വിപണിയിലുണ്ടായ ആഘാതം വളരെ നിസ്സാരമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിലും വലിയ തകർച്ച താൻ പ്രതീക്ഷിച്ചിരുന്നതായും, എന്നാൽ ആഗോള സുരക്ഷ മുൻനിർത്തി നോക്കുമ്പോൾ ഇത് “വളരെ ചെറിയൊരു വില” മാത്രമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞമാസം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെ ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് എണ്ണവില കുത്തനെ ഉയരാൻ കാരണമായി. എന്നാൽ തിങ്കളാഴ്ചയോടെ എണ്ണവില കുറഞ്ഞത് വിപണിയിൽ നേരിയ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഈ സൈനിക നടപടി സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്കോ ആണവയുദ്ധത്തിലേക്കോ നീങ്ങുമായിരുന്നു എന്നാണ് ട്രംപിൻ്റെ വാദം. ഒരു മാസത്തിനുള്ളിൽ ഇറാൻ ആണവായുധം നിർമ്മിക്കുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക തിരിച്ചടിയേക്കാൾ പ്രധാനം ഇറാനിൽ നിന്നുള്ള ആണവഭീഷണി ഇല്ലാതാക്കുന്നതാണെന്നാണ് ട്രംപിൻ്റെ നിലപാട്.
അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിനായി സജീവമായി ശ്രമിക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ വർഷം വരെയുള്ള യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിലയിരുത്തൽ. എന്നാൽ ഇറാൻ ആവശ്യത്തിന് യുറേനിയം ശേഖരിച്ചിട്ടുണ്ടെന്നും, സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ മൂന്ന് മുതൽ എട്ട് മാസത്തിനുള്ളിൽ അവർക്ക് ബോംബ് നിർമ്മിക്കാൻ സാധിച്ചേക്കുമെന്നും ചില പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് യുദ്ധം അനിവാര്യമായിരുന്നു എന്ന വാദവുമായി ട്രംപ് രംഗത്തെത്തിയത്.
‘It’s small, I expected it to be bigger’ – Trump downplays stock market crash














