” ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാർ തടയുന്നത് ജെ.ഡി. വാൻസും പീറ്റർ നവാരോയും ചിലപ്പോൾ ട്രംപ് തന്നെയും”- വെളിപ്പെടുത്തലുമായി സെനറ്റർ ടെഡ് ക്രൂസിൻ്റെ ശബ്ദരേഖ

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും ആഭ്യന്തര തർക്കങ്ങളെയും പരസ്യമാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സെനറ്റർ ടെഡ് ക്രൂസിൻ്റെ ശബ്ദരേഖ. ഇന്ത്യയുമായുള്ള നിർണ്ണായക വ്യാപാര കരാർ തടയുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് (JD Vance), സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവരാണെന്ന് ക്രൂസ് ആരോപിക്കുന്നു. ചില സന്ദർഭങ്ങളിൽ പ്രസിഡന്റ് ട്രംപും ഇതിന് തടസം നിൽക്കുന്നതായി അദ്ദേഹം പറയുന്നു.

ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും ക്രൂസ് മുന്നറിയിപ്പ് നൽകുന്നു. 2025 ഏപ്രിലിൽ പ്രഖ്യാപിച്ച “ലിബറേഷൻ ഡേ” താരിഫുകളെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്. നിലവിലെ സാമ്പത്തിക നയങ്ങൾ തുടർന്നാൽ ഈ വർഷം വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും, സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

താരിഫുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപിനെ വിളിച്ചപ്പോൾ അദ്ദേഹം തന്നോട് ആക്രോശിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി ക്രൂസ് വെളിപ്പെടുത്തി. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് രാഷ്ട്രീയ നിരീക്ഷകനായ ടക്കർ കാൾസൻ്റെ പാവയാണെന്നുകൂടി ക്രൂസ് പരിഹസിച്ചു. 

ആക്സിയോസ് പുറത്തുവിട്ട പത്ത് മിനിറ്റോളം ദൈർഘ്യമുള്ള ഓഡിയോ, 2025-ൽ സ്വകാര്യ സാമ്പത്തിക ദാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളിലേതാണെന്നാണ് റിപ്പോർട്ട്. അതേസമയം, 2028-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ക്രൂസിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ വിയോജിപ്പുകളെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

“J.D. Vance, Peter Navarro, and sometimes Trump himself are blocking a crucial trade deal with India,” Senator Ted Cruz’s audiotape reveals.

More Stories from this section

family-dental
witywide